ആ സംഭവത്തിന് ശേഷം സിനിമകള്‍ നിഷേധിക്കപ്പെട്ടു; തുറന്നു പറഞ്ഞ് ഭാവന, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ടു

 | 
Bhavana

ആക്രമണത്തിന് ഇരയായ ശേഷം മലയാളത്തില്‍ തനിക്ക് സിനിമകള്‍ നിഷേധിക്കപ്പെട്ടുവെന്ന് ഭാവന. ആക്രമണം നടന്ന് 5 വര്‍ഷത്തിന് ശേഷം ആദ്യമായി നടത്തിയ പ്രതികരണത്തിലാണ് വെളിപ്പെടുത്തല്‍. മോജോ സ്‌റ്റോറിയെന്ന യൂട്യൂബ് ചാനലില്‍ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് അവതരിപ്പിക്കുന്ന വിമന്‍ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ 2022 എന്ന പരിപാടിയിലായിരുന്നു പ്രതികരണം. 

സിനിമകള്‍ നിഷേധിക്കപ്പെട്ടെങ്കിലും അവസരങ്ങള്‍ ഒരുക്കി പലരും തന്നെ ക്ഷണിച്ചിരുന്നു. പൃഥ്വിരാജ്, ഭദ്രന്‍, ഷാജി കൈലാസ് തുടങ്ങി നിരവധി പേര്‍ സമീപിച്ചു. എങ്കിലും കഴിഞ്ഞ 5 വര്‍ഷം താന്‍ മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇത്രയും സംഭവിച്ച ശേഷം ഒന്നുമുണ്ടായില്ലെന്ന ഭാവേന ഈ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയില്ല. അതേസമയം മറ്റു ഭാഷകളില്‍ താന്‍ സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നുവെന്നും ഭാവന പറഞ്ഞു.

ആക്രമണത്തിന് ശേഷം താന്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ടു. എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ലെന്നാണ് പലരും ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചത്. കേസ് താന്‍ സൃഷ്ടിച്ച നാടകമാണെന്ന് പലരും പറഞ്ഞു. താന്‍ ഇരയല്ല, അതിജീവിതയാണെന്നും ഭാവന പറഞ്ഞു. കേസില്‍ താന്‍ അവസാനം വരെ പോരാടുമെന്നും നടി വ്യക്തമാക്കി.