ചെൽസിക്കും യുണൈറ്റഡിനും റയലിനും പിഎസ്ജിക്കും ജയം, ലെസ്റ്ററിനും ടോട്ടനത്തിനും തോൽവി
മികച്ച ഫോം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ സീസൺ വെസ്റ്റ് ഹാമിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ജെസി ലിംഗാർഡാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങി കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് വിജയഗോൾ ലിംഗാർഡ് നേടിയത്. തൊണ്ണൂറ്റി അഞ്ചാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി വെസ്റ്റ് ഹാം പാഴാക്കി കളയുകയും ചെയ്തു. മാർക്ക് നോബിളിന്റെ കിക്ക് ഡേവിഡ് ഡിഹ്യ തടഞ്ഞിടുകയായിരുന്നു.
മത്സരത്തിൽ ആദ്യ ഗോൾ നേടിയത് വെസ്റ്റ് ഹാം ആണ്. മുപ്പതാം മിനിറ്റിൽ സെയ്ദ് ബെൻറഹ്മാസിന്റെ ഷോട്ട് റാഫേൽ വറാനെയുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. എന്നാൽ അഞ്ച് മിനിറ്റുകൾക്ക് അപ്പുറം റൊണാൾഡോ സമനില ഗോൾ നേടി. യുണൈറ്റഡിനായി ഇതോടെ രണ്ടാം വരവിൽ മൂന്ന് കളിയിൽ നിന്നും ക്രിസ്റ്റ്യാനൊ റൊണാൾഡോ നാല് ഗോളുകൾ നേടി.
വിരസമായ ആദ്യ പകുതിക്ക് ശേഷം ആക്രമിച്ചു കളിച്ച ചെൽസി ടോട്ടനം ഹോട്ട്സർസിനെ വീഴ്ത്തി പോയന്റ് പട്ടികയിൽ മുന്നിലെത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചെൽസിയുടെ വിജയം. പ്രതിരോധതാരം തിയാഗോ സിൽവെയാണ് ആദ്യ ഗോളടിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കാന്റെ രണ്ടാം ഗോളും അന്റോണിയോ റൂഡിഗർ മൂന്നാം ഗോളും നേടി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്നും ചെൽസിക്ക് 13 പോയിന്റായി. ലിവർപൂൾ, യുണൈറ്റഡ് എന്നിവർക്കും തുല്യപോയിന്റ് ഉണ്ട്.
ബ്രൈറ്റൺ ആന്റ് ഹോവ് ആൽബിയോൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. നീൽ മൗപേ, ഡാനി വെൽബാക്ക് എന്നിവർ ബ്രൈറ്റണുവേണ്ടി ഗോൾ നേടിയപ്പോൾ അഡെമോള ലുക്ക്മാനാണ് ലെസ്റ്ററിന്റെ ഗോളടിച്ചത്.
ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ പിഎസ്ജി ലിയോണയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചത്. നെയ്മറും ഇക്കാർഡിയുമാണ് പിഎസ്ജിയുടെ ഗോളുകൾന നേടിയത്. ആദ്യ ഇലവനിൽ ഇറങ്ങിയ മെസിയെ എഴുപത്തിയാറാം മിനിറ്റിൽ പിൻവലിച്ചു. പിഎസ്ജിയുടെ മൈതാനത്തെ മെസിയുടെ അരങ്ങേറ്റമായിരുന്നു ഇത്.
സ്പാനിഷ് ലീഗിൽ വലൻസിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചു. അവസാന മിനിറ്റുകളിലെ രണ്ട് ഗോളുകൾ ആണ് റയലിനെ രക്ഷിച്ചത്. അറുപത്തിയാറാം മിനിറ്റിൽ ഹ്യൂഗോ ഡുറോ നേടിയ ഗോളിൽ വിജയമുറപ്പിച്ച വലൻസിയക്കെതിരെ 86,88 മിനിറ്റുകളിലാണ് റയൽ ഗോൾ നേടിയത്. ആദ്യ ഗോൾ വിനീഷ്യസ് ജൂനിയറും രണ്ടാം ഗോൾ കരീം ബെൻസെമയും നേടി.
ബുഡേസ് ലീഗയിൽ ഡോർട്ട്മുണ്ട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് യൂണിയൻ ബെർലിനെ തോൽപ്പിച്ചു. എർളിംഗ് ഹാലണ്ട് രണ്ട് ഗോളുകൾ നേടി. സിരി എയിൽ യുവന്റസ് എ.സി മിലാനോട് ഒരു ഗോൾ സമനില വഴങ്ങി.