296ന് ഓൾഔട്ടായി ന്യൂസിലൻഡ്; അഞ്ച് വിക്കറ്റുമായി തിളങ്ങി അക്ഷർ പട്ടേൽ

 | 
axsar

മൂന്നാം ദിവസം ഇന്ത്യൻ സ്പിന്നർമാർ തിളങ്ങിയപ്പോൾ കാൺപൂർ ടെസ്റ്റിൽ ന്യൂസിലൻഡിന്റെ ആദ്യ ഇന്നിം​ഗ്സ് 296 അവസാനിച്ചു. ഇന്ത്യക്ക് 49 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും ഓരോ വിക്കറ്റ് നേടിയ ഉമേഷ് യാദവും ജഡേജയുമാണ് ന്യൂസിലൻഡിനെ പുറത്താക്കിയത്. രണ്ടാം ഇന്നിം​ഗ്സ്  ബാറ്റിം​ഗിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ശുഭ്മാൻ ​ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. ഒരു റൺ എടുത്ത ​ഗിൽ , കെയിൽ ജാമിസണ്ണിന്റെ പന്തിൽ ബൗൾഡായി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ജാമിസൺ 50 വിക്കറ്റ് നേടി. 9 ടെസ്റ്റിൽ നിന്നാണ്  ഈ നേട്ടം. ഏറ്റവും വേ​ഗത്തിൽ 50 വിക്കറ്റ് തികക്കുന്ന കീവി ബൗളറായി ഇതോടെ ജാമിസൺ. 

ഇന്നലത്തെ സ്കോറായ വിക്കറ്റു നഷ്ടമാകാതെ 120 എന്ന നിലയിൽ ബാറ്റിം​ഗ് തുടങ്ങിയ കീവിസിന് സ്കോർ 151ൽ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 89 റൺസെടുത്ത വിൽ യംങ്ങിനെ അശ്വിൻ പുറത്താക്കി. സാഹക്ക്  പകരക്കാരനായി ഇറങ്ങിയ കീപ്പർ ശ്രീകർ ഭരത്താണ് ക്യാച്ച് ചെയ്തത്. പിന്നാലെ നായകൻ കെയിൻ വില്യംസണെ(18) പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബ്രേക്ക് നൽകി. റോസ് ടെയ്ലർ(11), ഹെൻട്രി നിക്കോൾസ്(2) എന്നിവർ അക്ഷറിന് മുന്നിൽ വീണു. സെഞ്ച്വറി നേടുമെന്ന് വിചാരിച്ചെങ്കിലും ടോം ലാതം 95 റൺസിന് പുറത്തായി. ആ വിക്കറ്റും അക്ഷർ വീഴ്ത്തി. പിന്നീടങ്ങോട്ട് ആരും കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. അക്ഷർ പട്ടേൽ 62 ന് 6 വിക്കറ്റും അശ്വിൻ 82 ന് 3 വിക്കറ്റും വീഴ്ത്തി. 

രണ്ടാം ഇന്നിം​ഗ്സ് ബാറ്റിം​ഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോൾ 1  വിക്കറ്റിന് 14 റൺസ് എന്ന നിലയിലാണ്. മായങ്ക് അ​ഗർവാളും(4) പുജാരയുമാണ്(9) ക്രീസിൽ. ഇന്ത്യക്ക് 63 റൺസിന്‍റെ ലീഡ് ഉണ്ട്.