4-1-7-6; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബോളാണ്ട്. ആഷസ് ഓസ്‌ട്രേലിയക്ക്

 | 
Boland


ആഷസ് കിരീടം ഓസ്‌ട്രേലിയ നേടി. അതും 3 ടെസ്റ്റ് ജയിച്ചത് വെറും 12 ദിവസം കൊണ്ട്. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 68 റൺസിന് രണ്ടാം ഇന്നിഗ്‌സിൽ ഓൾ ഔട്ട് ആക്കി ഓസ്‌ട്രേലിയ എളുപ്പത്തിൽ ജയം നേടി. 

നാല് ഓവറിൽ വെറും 7 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റ ബൗളർ സ്കോട്ട് ബോളാണ്ട് ആണ് ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യ ഇന്നിഗ്‌സിൽ ഇംഗ്ലണ്ട് 185ന് പുറത്തായിരുന്നു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിഗ്‌സിൽ 267 റൺസ് നേടി. ഒരു ഇന്നിഗ്‌സിനും 14 റൺസിനും ആണ് ഓസ്‌ട്രേലിയ വിജയിച്ചത്.

രണ്ടാം ഇന്നിഗ്‌സിൽ ഇംഗ്ലണ്ട് നിരയിൽ 28 റൺസ് എടുത്ത നായകൻ ജോ റൂട്ട്, 11 റൺസ് എടുത്ത സ്റ്റോക്സ് എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. 4 പേർ പൂജ്യത്തിന് പുറത്തായി. 6 വിക്കറ്റ് വീഴ്ത്തി ബോളണ്ടിന് പുറമെ മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി. അവസാന വിക്കറ്റ് വീഴ്ത്തി ഗ്രീൻ ഓസ്‌ട്രേലിയൻ വിജയം ഉറപ്പാക്കി.

ബോളണ്ടിന്റെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനം റെക്കോഡ് ബുക്കിൽ ഇടം നേടി. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കുറച്ച് റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് ബോളണ്ട് സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ തന്നെ ചാൾസ് ടർണറുടെ റെക്കോഡാണ് ബോളണ്ട് ഭേദിച്ചത്. 1887-ൽ ഇംഗ്ലണ്ടിനെതിരേ 15 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ചാൾസിന്റെ പ്രകടനം ഇതോടെ പഴങ്കഥയായി.

ആദ്യ ടെസ്റ്റിൽ 9 വിക്കറ്റിനു രണ്ടാം ടെസ്റ്റിൽ 257 റൺസിനും ആണ് ഓസ്‌ട്രേലിയ വിജയിച്ചത്. അടുത്ത ടെസ്റ്റ് ജനുവരി 5ന് സിഡ്‌നിയിൽ നടക്കും.