ചെല്‍സി ക്ലബ് വില്‍ക്കുകയാണെന്ന് അബ്രോമോവിച്ച്; തുക ഉക്രൈന്‍ യുദ്ധ ഇരകള്‍ക്കെന്ന് പ്രഖ്യാപനം

 | 
Abramovich

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി വില്‍ക്കുകയാണെന്ന് ഉടമയും റഷ്യന്‍ കോടീശ്വരനുമായ അബ്രോമോവിച്ച്. ഉക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ക്ലബ്ബിന്റെ നിയന്ത്രണം ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റികള്‍ക്ക് കൈമാറുകയാണെന്ന് അബ്രോമോവിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 

ക്ലബ് വിറ്റുകിട്ടുന്ന തുക ഉക്രൈന്‍ യുദ്ധത്തിലെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നാണ് അബ്രോമോവിച്ചിന്റെ പ്രഖ്യാപനം. ആരാധകരുടെയും സ്‌പോണ്‍സര്‍മാരുടെയും താല്‍പര്യവും ഇതുതന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്രോമോവിച്ച് പറയുന്നു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നടപടിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമുള്ളയാളെന്ന് അറിയപ്പെടുന്ന അബ്രോമോവിച്ച് പറഞ്ഞത് ആരാധകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

ബ്രിട്ടനില്‍ അബ്രോമോവിച്ചിനെതിരെ ഉപരോധ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള സാധ്യത പരിഗണിച്ചാണ് ക്ലബ് വില്‍ക്കാന്‍ ഇദ്ദേഹം നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തല്‍. 2003ലാണ് അബ്രോമോവിച്ച് ചെല്‍സി സ്വന്തമാക്കിയത്.