മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിക്ക് വൻ വിജയം; യുണൈറ്റഡിനെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്

കെവിൻ ഡിബ്രൂണേ, റിയാദ് മെഹറസ് എന്നിവരുടെ ഇരട്ട ഗോളുകളാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ജാഡൻ സാഞ്ചോയുടെ ഗോളാണ് മാഞ്ചസ്റ്ററിന്റെ നാണക്കേട് അൽപ്പമെങ്കിലും മാറ്റിയത്. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ഡിബ്രൂണയിലൂടെ സിറ്റി മുന്നിലെത്തി. എന്നാൽ 22ാം മിനിറ്റിൽ സാഞ്ചോ ഗോളടിച്ചു. പക്ഷെ ആദ്യ പകുതിയിൽ തന്നെ സിറ്റി ലീഡ് തിരിച്ചു പിടിച്ചു. വീണ്ടും കെവിൻ ഡി ബ്രൂണേ. 28ാം മിനിറ്റിലായിരുന്നു അദേഹത്തിന്റെ രണ്ടാം ഗോൾ. സിറ്റി മേൽക്കൈ പുലർത്തിയ രണ്ടാം പകുതിയിൽ 68, 91 മിനിറ്റുകളിലാണ് മെഹറസ് ഗോൾ നേടിയത്.
ഇതോടെ സിറ്റിക്ക് 28 കളികളിൽ നിന്നും 69 പോയിന്റായി. 27 കളിയിൽ നിന്നും 63 പോയിന്റുായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് ഉണ്ട്. മൂന്നാം സ്ഥാനത്ത് ചെൽസിയും(53) നാലാം സ്ഥാനത്ത് ആഴ്സണലുമാണ് (48). യുണൈറ്റഡ് 47 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വാറ്റ്ഫോർഡിനെ തകർത്താണ് ആഴ്സണൽ നാലാം സ്ഥാനത്തേക്ക് കയറിയത്. പക്ഷെ 25 മത്സരങ്ങൾ മാത്രമാണ് അവർ കളിച്ചിട്ടുള്ളത്.
മറ്റ് ലീഗുകളിൽ നടന്ന പ്രധാന മത്സരങ്ങളിൽ നപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഇന്റർമിലാൻ സിരി എയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഒലിവർ ജിറൂഡ് ആണ് വിജയഗോൾ നേടിയത്. ലാലീഗയിൽ ബാഴ്സയും റയലും വിജയിച്ചു. റയൽ, സോസിദാദിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്തപ്പോൾ ബാഴ്സിലോണ എൽച്ചേ എഫ്സിയേയാണ് പരാജയപ്പെടുത്തിയത്. റയൽ ബെറ്റിസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് അത്‍ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തി.