ചാമ്പ്യൻസ് ലീഗ്: ലിവർപൂളും ബയേണും ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് ഇംഗ്ലീഷ് ക്ലബ് ലിവർപൂളും ജർമ്മൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും പ്രവേശനം നേടി. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക്ക് ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സലാസ്ബർഗിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് തകർത്തത്. ബയേണിന്റെ സൂപ്പർതാരം ലെവന്റോവ്സ്ക്കി ഹാട്രിക്ക് നേടി. തോമസ് മുള്ളർ ഇരട്ട ഗോളുമായും തിളങ്ങി. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ആദ്യ പാദത്തിൽ നേടിയ 2-0ന്റെ വിജയം ലിവർപൂളിനെ അവസാന എട്ടിലെത്തിച്ചു.
ആദ്യ പകുതിയിൽ തന്നെ നാല് ഗോളിന് മുന്നിലായിരുന്നു ബയേൺ. കളി 23 മിനിറ്റ് പിന്നിടുമ്പോഴേക്കും ലെവന്റോവ്സ്കി ഹാട്രിക്ക് പൂർത്തീകരിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വേഗതയേറിയ ഹാട്രിക്കും ഇതാണ്. ആദ്യപകുതിയിൽ ഡച്ച്താരം സെർജി ഗ്നാബ്രി ബയേണിന്റെ നാലാം ഗോൾ നേടി. രണ്ടാം പകുതിയിൽ തോമസ് മുള്ളറുടെ ഇരട്ട ഗോളും ലിയോറി സനെയുടെ ഗോളും പിറന്നു. ആദ്യ പാദത്തിൽ ഓരോ ഗോൾ സമനിലയിൽ കുരുങ്ങിയ ബയേണിന് ഈ ജയത്തോടെ 8-1 ന്റെ ആകെ അഗ്രഗേറ്റായി.
ലിവർപൂളിന്റെ സ്വന്തം മൈതാനത്ത് ക്ലോപ്പിന്റെ സംഘത്തിന് എതിരില്ലാത്ത ഒരു ഗോൾ തോൽവിയായിരുന്നു ഫലം. കളിയിലുടനീളം നന്നായി പൊരുതിയെങ്കിലും ഇന്ററിനെതിരെ ഗോളടിക്കാൻ അവർക്ക് കഴിഞ്ഞില്ല. 65ാം മിനിറ്റിൽ ലൗട്ടാരെ മാർട്ടിനെസ് നേടിയ ഗോളിലാണ് ഇന്റർ വിജയിച്ചത്. എന്നാൽ ആദ്യപാദത്തിലെ 2-1ന്റെ വിജയം ലിവർപൂളിനെ രക്ഷിച്ചു.
ഇന്ന് രാത്രി നടക്കുന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി,സ്പോട്ടിംഗ് ലിസ്ബനേയും റയൽമാഡ്രിഡ് പിഎസ്ജിയേയും നേരിടും. ആദ്യപാദത്തിലെ 5-0 ന്റെ ജയം സിറ്റിക്ക് കാര്യങ്ങൾ എളുപ്പമാക്കും. എന്നാൽ പാരിസിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ റയലിന് മുന്നേറാൻ മികച്ച ജയം അനിവാര്യമാണ്. സമനില പോലും പിഎസ്ജിക്ക് ക്വാർട്ടർബർത്ത് നേടിക്കൊടുക്കും. രാത്രി 1.30നാണ് കളി