ചാമ്പ്യൻസ് ലീഗ് ആദ്യ സെമി ഇന്ന്; മാഞ്ചസ്റ്റർ സിറ്റി- റയൽ മാഡ്രിഡ് പോരാട്ടം എത്തിഹാദിൽ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് ഇന്ന് തുടക്കം. ഒന്നാം സെമിയിലെ ആദ്യപാദത്തിൽ ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, 13 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമിയിൽ വിയ്യാറയൽ, ലിവർപൂളിനെ നേരിടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലീഗ. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗിലെ ക്ലബ്ബുകൾ തമ്മിലാണ് ഏറ്റുമുട്ടൽ. യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരായ പെപ്പ് ഗാഡിയോള, യുർഗാൻ ക്ലോപ്, കാർലോസ് അഞ്ചലോട്ടി, ഉനായ് എമറി എന്നിവരുടെ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകർക്ക് മികച്ച മത്സരങ്ങൾ കാണാം.
കഴിഞ്ഞ ഏഴ് സീസണിനിടയിൽ സിറ്റിക്ക് മൂന്നാം സെമിയാണ് ഇത്. റയലിനാകട്ടെ കഴിഞ്ഞ 12 വർഷത്തിനിടയിൽ പത്താം സെമിയും. ചാമ്പ്യൻസ് ലീഗിൽ 2019- 20 സീസണിലെ പ്രീക്വാർട്ടറിൽ ഇരുടീമുകളും ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയലിനെ കീഴടക്കിയിരുന്നു. പരിശീലകൻ എന്ന നിലയിലും പെപ്പിന് റയലിനെതിരെ നല്ല റെക്കോർഡുണ്ട്. 19ൽ 11 വിജയവും 4 സമനിലയും 4 തോൽവിയുമാണ് പെപ്പിന് റയലിനെതിരെ.
രണ്ട് അസാധാരണ മാച്ചുകൾ റയലിനെ കീഴ്പ്പെടുത്താൻ സിറ്റി കളിക്കേണ്ടിവരുമെന്ന് പെപ് ഗാഡിയോള പറയുന്നു. റയൽ എത്ര മികച്ച ടീമാണെന്ന് സാക്ഷ്യപ്പെടുത്തേണ്ട കാര്യമില്ല. അവരുടെ ചരിത്രത്തെ താരതമ്യപ്പെടുത്തുമ്പോൾ സിറ്റിക്ക് സാധ്യതകളില്ല. എന്നാൽ ഇത് രണ്ട് ടീമിലേയും പതിനൊന്ന് പേരും ഒരു പന്തും തമ്മിലുള്ള കളിയാണ്. അവിടെ ഞങ്ങൾ നന്നായി കളിക്കും; ഗാഡിയോള പറഞ്ഞു.
ഡിഫൻഡേഴ്സായ സ്റ്റോയ്ണിസ്, കെയിൽ വാക്കർ എന്നിവർ കളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ടു പേർക്കും പരിക്കുണ്ടായിരുന്നു. സ്പെൻഷനിലായ ജോ കാൻസലോക്ക് ഇന്ന് ഇറങ്ങാൻ കഴിയില്ല. റയലിലാകട്ടെ കാസിമിറോ, ഡേവിഡ് ആലാബ എന്നിവരുടെ കാര്യത്തിലും സംശയമുണ്ട്.