പ്ലേ ഓഫ് പ്രതീക്ഷയിൽ ഡൽഹി; പഞ്ചാബിനെതിരെ ജയം
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ 17 റൺസിന് പരാജയപ്പെടുത്തി ഡൽഹി കാപ്പിറ്റൽസ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ഡൽഹി മുന്നോട്ടുവച്ച 160 എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ സാധിച്ചുള്ളൂ.
നാലു വിക്കറ്റ് വീഴ്ത്തിയ ഷർദുൽ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷർ പട്ടേലും കുൽദീപ് യാദവുമാണ് പഞ്ചാബിനെ ഒതുക്കിയത്. ഇതോടെ 13 കളികളിൽ നിന്ന് 14 പോയന്റുമായി ഡൽഹി, ബാംഗ്ലൂരിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി. അതേസമയം പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ പ്രതിസന്ധിയിലായി. പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
15 പന്തിൽ നിന്ന് 28 റൺസെടുത്ത ഓപ്പണർ ജോണി ബെയർസ്‌റ്റോ, 16 പന്തിൽ നിന്ന് 19 റൺസെടുത്ത ശിഖർ ധവാൻ എന്നിവർ പുറത്തായതോടെ ഡൽഹി മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. ഭാനുക രജപക്‌സ (4), ലിയാം ലിവിങ്സ്റ്റൺ (3), മായങ്ക് അഗർവാൾ (0) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ പഞ്ചാബ് അഞ്ചിന് 61 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. 34 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 44 റൺസെടുത്ത ജിതേഷ് ശർമ്മ പൊരുതി എങ്കിലും ഷർദുൽ താക്കൂറിന് മുന്നിൽ വീണു. 24 പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്ന രാഹുൽ ചാഹറിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി മിച്ചൽ മാർഷിന്റെ അർധ സെഞ്ചുറി മികവിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തിരുന്നു. 48 പന്തുകൾ നേരിട്ട മാർഷ് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 63 റൺസെടുത്ത് 19-ാം ഓവറിലാണ് പുറത്തായത്.
16 പന്തിൽ നിന്ന് 32 റൺസെടുത്ത സർഫറാസ് ഖാനും 21 പന്തിൽ നിന്ന് 24 റൺസെടുത്ത ലളിത് യാദവും 20 പന്തിൽ നിന്ന് 17 റൺസെടുത്ത അക്ഷർ പട്ടേലും മാത്രമാണ് മാർഷിനെ കൂടാതെ ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. ഡേവിഡ് വാർണർ (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (7), റോവ്മാൻ പവൽ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും ലിയാം ലിവിങ്സ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.