ഓൾറൗണ്ട് മികവിൽ ഹർദിക്; രാജസ്ഥാന് 37 റൺസ് തോൽവി

 | 
Cricket

ബാറ്റിംഗിലും ബൗളീംഗിലും ഫീൽഡിംഗിലും മികവ് കാട്ടിയ നായകൻ ഹർദിക് പാണ്ഡ്യയുടെ മികവിൽ ഐപിഎൽ 15ആം സീസണിലെ നാലാം ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്.
193 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.

52 പന്തിൽ 87 റൺസും 18 റൺസ് വഴങ്ങി ഒരു വിക്കറ്റും സഞ്ജു സാംസണെ പുറത്താക്കിയ റൺ ഔട്ടും ഹർദികിന്റെ വകയായി ഇന്നലെ മൈതാനത്ത് കണ്ടു. 

അഭിനവ് മനോഹർ (28 പന്തിൽ 43), ഡേവിഡ് മില്ലർ (14 പന്തിൽ 31 നോട്ടൗട്ട്) എന്നിവർ ബാറ്റിങ്ങിൽ ഹർദിക്കിന് മികച്ച പിന്തുണ നൽകി. മൂന്നിന് 53 എന്ന നിലയിൽ പ്രതിസന്ധി നേരിട്ട ഗുജറാത്തിന് 4–ാം വിക്കറ്റിൽ ഹാർദിക്–അഭിനവ് സഖ്യം നേടിയ 86 റൺസും അപരാജിതമായ 5–ാം വിക്കറ്റിൽ ഹാർദിക്–മില്ലർ സഖ്യം നേടിയ 53 റൺസുമാണ് തുണയായത്. 8 ഫോറും 4 സിക്സും അടങ്ങുന്നതാണ് ഹാർദിക്കിന്റെ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിൽ ജോസ് ‌ബട്‌ലർ (24 പന്തിൽ 54) രാജസ്ഥാന് മിന്നൽ തുടക്കം നൽകിയെങ്കിലും ബട്‌ലറും പിന്നാലെ സഞ്ജുവും പുറത്തായതോടെ രാജസ്ഥാൻ തകർന്നു. 11 പന്തിൽ 11 റൺസെടുത്ത സഞ്ജു ഹാർദിക്കിന്റെ നേരിട്ടുള്ള ത്രോയിൽ റൺഔട്ടാവുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്നു നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാമതായി. ഒന്നാമതായിരുന്ന രാജസ്ഥാൻ, മൂന്നാമതായി.