ഹാരി കെയ്ൻ സിറ്റിയെ വീഴ്ത്തി; ലിവർപൂളിനും ചെൽസിക്കും വിജയം

 | 
kane

ഇഞ്ച്വറി ടൈമിന്റെ അ‍ഞ്ചാം മിനിറ്റിൽ ഹാരി കെയിൻ നേടിയ ​ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ടോട്ടനം ഹോട്സ്പർസ്. ടോട്ടനത്തിന്റെ ഈ വിജയം ഏറെ കിരീട പോരാട്ടത്തിൽ ലിവർപൂളിന് ഏറെ  പ്രതീക്ഷ നൽകുന്നതാണ്. ഒരു കളി കുറച്ചു കളിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 6 ആയി കുറച്ചു. 

പ്രീമിയർ ലീ​ഗിലെ ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു എത്തിഹാദിൽ നടന്നത്. യുവന്റസിൽ നിന്നും ടോട്ടനത്തിൽ എത്തിയ ഡിജാൻ കുലുസേവ്സ്കി ആദ്യമെ സിറ്റിയെ ഞെട്ടിച്ചു. നാലാം മിനിറ്റിൽ സൺ ഹ്യൂങ് മിന്നിന്റെ അസിസ്റ്റിൽ കുലുസേവ്സ്കി വല കുലുക്കി. എന്നാൽ കളിയിൽ തിരിച്ചെത്തിയ സിറ്റി ​ഗോളിനായി പൊരുതി. 33ാം മിനിറ്റിൽ ഇൽക്കായ് ​ഗുഡോ​ഗൻ സിറ്റിക്കായി സമനില പിടിച്ചു.

രണ്ടാം പകുതിയിൽ പന്തടക്കം ഉൾപ്പടെ സിറ്റിയുടെ ആധിപത്യമായിരുന്നു. എന്നാൽ 59ാം മിനിറ്റിൽ സൺ നൽകിയ മനോഹരമായ പാസിൽ ഹാരി കെയിൻ വല കുലുക്കി. ഇതോടെ സിറ്റി സ്റ്റെർലിം​ഗിനെ മാറ്റി റിയാദ് മെഹറസിനെ ഇറക്കി. എന്നാൽ ​ഗോളടിക്കാൻ ഉള്ള എല്ലാ അവസരങ്ങളും സ്പർസ് പ്രതിരോധ നിര ഇല്ലാതാക്കി. കളി ഇഞ്ച്വറി ടൈമിലേക്ക് നീണ്ട സമയത്ത് ക്രിസ്റ്റൻ റൊമേറോയുടെ ഹാന്റ് ബോളിന് വാർ വഴി റഫറി പെനാൽറ്റി വിധിച്ചു. റിയാദ് മെഹറസ് അത് ​ഗോളാക്കി മാറ്റി. എന്നാൽ സിറ്റിയുടെ സന്തോഷത്തിന്  മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. കുലുസേവ്സ്കിയുടെ അസിസ്റ്റിൽ ഹാരി കെയിൻ നേടിയ മനോഹരമായ ഹെഡർ ​ഗോൾ സിറ്റി കീപ്പർ എൻഡേഴ്സണെ കാഴ്ച്ചക്കാരനാക്കി വലയിൽ കയറി. ഇതോടെ സിറ്റിക്ക് 26 കളിയിൽ നിന്നും 63 പോയിന്റും ‌ടോ‌ട്ടനത്തിന് 23 കളിയിൽ നിന്നും 39 പോയിന്റുമായി. 

ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷം മൂന്ന് ​ഗോളുകൾ തിരിച്ചടിച്ചാണ് ലിവർപൂൾ നോർവിച്ച് സിറ്റിയെെ തോൽപ്പിച്ചത്. 48ാം മിനിറ്റിൽ മിലോട്ട് റഷിച്ച നേടിയ ​ഗോളിൽ മുന്നിട്ടു നിന്ന നോർവിച്ചിനെതിരെ സാദിയോ മാനേ 64ാം മിനിറ്റിൽ നേടിയ മനോഹരമായ ​ഗോളിൽ ലിവർപൂൾ സമനില പിടിച്ചു. തൊട്ടു പിന്നാലെ ​ഗോൾകീപ്പർ അലിസൺ നൽകിയ ബോളിൽ സലേ ​ഗോൾ നേടി. ഹെൻഡേഴ്സൺന്റെ അസിസ്റ്റിൽ ലൂയിസ് ഡയസ് ലിവർപൂളിനായി തന്റെ ആദ്യ ​ഗോൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ചു. 25 കളികളിൽ നിന്നും ലിവർപൂളിന് 57 പോയിന്റായി. 

ഹക്കീം സിയാച്ച് 89ാം മിനിറ്റിൽ നേടിയ ​ഗോളിലാണ് ക്രിസ്റ്റൽ പാലസിനെ ചെൽസി വീഴ്ത്തിയത്. ഇതോടെ ചെൽസിയുടെ പോയിന്റ് 25 കളിയിൽ നിന്നും 50 ആയി. ബ്രെന്റ്ഫോഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്സണലും മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്മിത്ത് എമിൽ റോവ്, സാക്ക എന്നിവർ ​ഗണ്ണേഴ്സിന്റെ ​ഗോൾ നേടിയപ്പോൾ നോർ​ഗാർഡ് ആണ് ബീസിന്റെ ​ഗോളടിച്ചത്. 

മറ്റ് മത്സരങ്ങളിൽ വാറ്റ്ഫോർഡ്, ആസ്റ്റൺ വില്ലയേയും ബേൺലി, ബ്രൈറ്റനേയും സൗത്താംപ്റ്റൺ എവർട്ടണേയും പരാജയപ്പെടുത്തി. വെസ്റ്റ്ഹാം- ന്യൂകാസിൽ മത്സരം സമനിലയിലായി. ഇരു ടീമും ഓരോ ​ഗോളടിച്ചു. ഇതോടെ പരാജയമറിയാതെ ന്യൂകാസിൽ 5 മത്സരങ്ങൾ പിന്നിട്ടു.