ഐപിഎൽ: റസലിന്റെ മികവിൽ കൊൽക്കത്തക്ക് വിജയം

 | 
KKR

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 54 റൺസിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിലെ ആറാം ജയം സ്വന്തമാക്കി.  തോൽവി ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്ലാണ് 177 റൺസെടുത്തത്. അജിങ്ക്യ രഹാനെ (24 പന്തിൽ 28), നിതീഷ് റാണ (16 പന്തിൽ 26), സാം ബില്ലിങ്‌സ് (29 പന്തിൽ 34) എന്നിവരും 28 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 49 റൺസോടെ പുറത്താകാതെ നിന്ന ആന്ദ്രേ റസലും ആണ്  കൊൽക്കത്ത സ്കോർ ഭദ്രമായ നിലയിലെത്തിച്ചത്.  ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

43 റൺസെടുത്ത അഭിഷേകാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ. മാർക്രം 25 പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 32 റൺസെടുത്തു. ഇവർക്ക് പുറമെ 11 റൺസെടുത്ത ശശാങ്ക് സിങ് മാത്രമാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കണ്ടത്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസ്സൽ മൂന്നും ടിം സൗത്തി രണ്ടു വിക്കറ്റും വീഴ്ത്തി.