ഐപിഎൽ: രാജസ്ഥാനും ഡൽഹിക്കും വിജയം

 | 
RR

ഐപിഎല്ലിൽ ഞായറാഴ്ച്ച നടന്ന രണ്ടു മത്സരങ്ങളിൽ ഡൽഹി കാപ്പിറ്റൽസിനും രാജസ്ഥാൻ റോയൽസിനും വിജയം. ഡൽഹി കൊൽക്കത്തയെ 44 റൺസിന് തോൽപ്പിച്ചപ്പോൾ  ലക്നൗവിനെതിരെ രാജസ്ഥാന്റെ വിജയം മൂന്ന് റൺസിനായിരുന്നു. 

ആദ്യ കളിയിൽ ഡൽഹി ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിൻതുടർന്ന കൊൽക്കത്തയുടെ ഇന്നിം​ഗ്സ് 171ന് അവസാനിച്ചു. 35 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവാണ് കൊൽക്കത്ത നിരയെ തകർത്തത്. 

ഓപ്പണർമാരുടെ മികച്ച പ്രകടനമാണ് ദില്ലിയെ വൻ സ്കോറിലെത്തിച്ചത്. പ‍ൃഥ്വി ഷോ- ഡേവിഡ് വാർണർ കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്. 29 പന്തിൽ 51 റൺസ് നേടിയാണ് ഷോ പുറത്തായത്. വാർണർ 45 പന്തിൽ 61 റൺസ് നേടി. നായകൻ പന്ത് 27ഉം, അക്സർ 22ഉം ഷർദുൽ താക്കുർ 29 റൺസും നേടി. 

കൊൽക്കത്ത നിരിയിൽ 33 പന്തിൽ 54 റൺസെടുത്ത നായകൻ ശ്രേയസ് അയ്യർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്. നിതീഷ് റാണ 30ഉം റസ്സൽ 24ഉം എടുത്തു. 4 ഓവറിൽ 35 റൺസ് വഴങ്ങി  4 വിക്കറ്റെടുത്ത കുൽദീപിന് പുറമെ 3 വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദിന്റേയും 2 വിക്കറ്റ് വീഴ്ത്തിയ താക്കുറും ഡൽഹിക്കായി നന്നായി പന്തെറിഞ്ഞു. 

ബൗളർമാർ തിളങ്ങിയ രണ്ടാം മത്സരത്തിൽ അവസാന പന്തുവരെ ആവേശം നീണ്ടു. 166 റൺസ് പിൻതുടർന്ന ലക്നൗ ഇന്നിം​ഗ്സ് 8 വിക്കറ്റിന് 162ൽ അവസാനിച്ചു. 41 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്രേ ചാഹലാണ് ലക്നൗവിനെ തകർത്തത്. ആദ്യ ഓവറിൽ 2 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിന്റെ പ്രകടനവും കളിയിൽ നിർണ്ണായകമായി. 

ആദ്യം ബാറ്റ് ചെയ്ത രാജ്സ്ഥാന്റെ മുൻനിരെ കാര്യമായി ശോഭിച്ചില്ല. 67 റൺസ് എ‌ടുക്കുന്നതിനിടയിൽ 4 വിക്കറ്റാണ് അവർക്ക് നഷ്ടമായത്. എന്നാൽ ഹെത്‍മെയറും അശ്വിനും ചേർന്നുള്ള കൂട്ടുകെട്ടാണ് ടീമിനെ രക്ഷിച്ചത്. ഹെത്‍മെയർ പുറത്താകാതെ 59 റൺസ് നേടി. ആറ് സിക്സാണ് ഹെത്‍മെയർ പറത്തിയത്. അശ്വിൻ 28 റൺസെടുത്തു. ഹോൾഡറും കൃഷ്ണപ്പ ​ഗൗതവും 2 വിക്കറ്റ് വീതം വീഴ്ത്തി

ചേസിം​ഗ് തുടങ്ങിയ ലക്നൗവിന് ആദ്യ പന്തിൽ തന്നെ നായകൻ രാഹുലിനെ നഷ്ടമായി. ട്രെന്റ് ബോൾട്ടിന്റെ മനോഹരമായ പന്തിൽ രാഹുലിന്റെ കുറ്റി തെറിച്ചു. സ്ഥാനക്കയറ്റം കിട്ടി വന്ന ​ഗൗതവും നേരിട്ട ആദ്യ പന്തിൽ പുറത്തായി. തൊട്ടുപിന്നാലെ പ്രസീദ് കൃഷ്ണ ഹോൾഡറേയും മടക്കി. ക്വന്റൺ ഡികോക്ക്(39), ദീപക് ഹൂഡ്(25), ക്രുനാൽ പാണ്ഡ്യ (22) എന്നിവർ പൊരുതിയെങ്കിലും ചാഹലിന്റെ സ്പിൻ തന്ത്രങ്ങൾ ലക്നൗവിനെ കുടുക്കി. 

അവസാന ഓവറുകളിൽ മാർക്സ് സ്റ്റോയ്ണിസ് വമ്പൻ അടികളിലൂടെ വിജയ പ്രതീക്ഷ നൽകിയെങ്കിലും ആദ്യ ഐപിഎൽ കളിക്കുന്ന കുൽദീപ് സെൻ ഇരുപതാം ഓവറിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 11 റൺസ് മാത്രമാണ് കുൽദീപ് സെൻ വിട്ടുകൊ‌ടുത്തത്.