വെസ്റ്റിന്റീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം
ആയിരം ഏകദിന മത്സരങ്ങൾ പൂർത്തിയാക്കിയ കളിയിൽ ഇന്ത്യ വെസ്റ്റിന്റീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. സന്ദർശകർ ഉയർത്തിയ 177 എന്ന വിജയലക്ഷ്യം ഇന്ത്യ 22 ഓവർ ബാക്കി നിൽക്കെ മറികടന്നു. ഇന്ത്യയുടെ മുഴുവൻ സമയ നായകനായി രോഹിത് ശർമ്മ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ വിജയം കൂടിയായി അഹമ്മദാബാദിലേത്.
ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. മുൻ നായകൻ ജെയ്സൺ ഹോൾഡർക്കല്ലാതെ മറ്റാർക്കും അഹമ്മദാബാദിലെ പിച്ചിൽ വേണ്ടവിധം പിടിച്ചു നിൽക്കാനായില്ല. സ്പിന്നർമാരായ യുസ്വേന്ദ്രേ ചാഹലും വാഷിംഗ്ടൺ സുന്ദറും ചേർന്ന് വിന്റീഡിന്റെ താളം തെറ്റിച്ചു. 49 റൺസ് വഴങ്ങി ചാഹൽ നാല് വിക്കറ്റും 30 റൺസ് വഴങ്ങി സുന്ദർ 3 വിക്കറ്റും വീഴ്ത്തി. പ്രതീഷ് കൃഷ്ണ 2ഉം മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 57 റൺസെടുത്ത ഹോൾഡറാണ് ടോപ്സ്ക്കോറർ. ഹോൾഡറും ഫാബിയൻ അലനും ചേർന്ന എട്ടാം വിക്കറ്റാണ് വിന്റീസിന് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. അലൻ 29 റൺസ് നേടി. മറ്റാർക്കും കാര്യമായി സംഭാവന നൽകാനായില്ല. 43.5 ഓവറിൽ വിന്റീസ് ഓൾഔട്ടായി.
ചേസിംഗ് തുടങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമ്മ ഉജ്വല തുടക്കമാണ് നൽകിയത്. 51 പന്തിൽ 10 ഫോറും ഒരു സിക്സും പറത്തി രോഹിത് 60 റൺസ് നേടി. ഇഷാൻ കിഷനുമൊത്തുള്ള ഓപ്പണിംഗ് വിക്കറ്റിൽ 84 റൺസാണ് രോഹിത് കൂട്ടിച്ചേർത്തത്. ഇഷാൻ 28 റൺസെടുത്തു. പിന്നാലെ വന്ന കോഹ്‍ലി 8 റൺസെടും പന്ത് 11 റൺസെടുത്തും പുറത്തായി എങ്കിലും സൂര്യകുമാർ യാദവും (34*) ദീപക് ഹൂഡ (26*)യും ചേർന്ന് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.
ചാഹൽ ആണ് കളിയിലെ താരം. അടുത്ത മത്സരം ബുധനാഴ്ച്ച നടക്കും. മൂന്ന് ഏകദിനങ്ങളും അഹമ്മദാബാദിൽ തന്നെയാണ് നടക്കുക.