വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം

 | 
cricket


ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക്  വെസ്റ്റിൻഡീസിനെതിരെ 6 വിക്കറ്റ് വിജയം.  വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ഇന്ത്യ  18.5 ഓവറിൽ മറികടന്നു. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.

‌ടോസ് നേടിയ ഇന്ത്യ ബൗളിം​ഗ് തെരഞ്ഞെടുത്തു. ബ്രാൻണ്ടൻ കിം​ഗിനെ പുറത്താക്കി ഭുവനേശ്വർ കുമാർ ഇന്ത്യക്ക് നല്ല തുടക്കം നൽകിയെങ്കിലും രണ്ടാം വിക്കറ്റിൽ കെയിൽ മേയേഴ്സും നിക്കോളാസ് പൂരനും നന്നായി കളിച്ചു. 24 പന്തിൽ 31 റൺസെടുത്ത മേയേഴ്സിനെ ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും നിലയുറപ്പിക്കാനായില്ലെങ്കിലും നിക്കോളാസ് പുരൻ ഒരറ്റത്തു നിന്ന് പൊരുതി. റോസ്റ്റൺ ചെയ്സിനേയും പലവിലനേയും പുറത്താക്കി രവി ബിഷ്ണോയ് അരങ്ങേറ്റ മത്സരം ഉജ്വലമാക്കി. പൂരൻ 43 പന്തിൽ 61 റൺസും പൊളാർഡ് 19 പന്തിൽ 24 റൺസും നേടി. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റിൻഡീസ് 157 റൺസെടുത്തത്. ബിഷ്ണോയിയും ഹർഷ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ നല്ല തുടക്കം നൽകി. രോഹിത് ശർമ്മ നല്ല ഫോമിലായിരുന്നു. പവർപ്ലേ ഓവറുകളിൽ രോഹിതും സഹ ഓപ്പണർ ഇഷാൻ കിഷനും ആഞ്ഞടിച്ചു. 6 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 58 റൺസ് ഇന്ത്യ നേടി. 19 പന്തിൽ 40 റൺസെടുത്ത രോഹിത് ശർമ്മയേയും 42 പന്തിൽ 35 റൺസെടുത്ത ഇഷാൻ കിഷനേയും റോസ്റ്റൺ ചേസ് പുറത്താക്കി. കോഹ്‍ലി 17നും ഋഷഭ് പന്ത് 8 റൺസിനും പുറത്തായി. എന്നാൽ  സൂര്യകുമാർ യാദവും വെങ്കിടേഷ് അയ്യരും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. സൂര്യകുമാർ 18 പന്തിൽ 34ഉം വെങ്കിടേഷ് അയ്യർ 13 പന്തിൽ 24 റൺസും നേടി. 

രവി ബിഷ്ണോയ് ആണ് കളിയിലെ താരം.