കാർത്തിക്കും ഷഹബാസും തിളങ്ങി; രാജസ്ഥാന് ആദ്യതോൽവി

 | 
rcb

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഈ സീണസിൽ രാജസ്ഥാന് ആദ്യ തോൽവി. ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ് അവശ്വസനീയമായ തിരിച്ചുവരവിലൂടെ രാജസ്ഥാനെ നാല് വിക്കറ്റിന് തകർത്തത്. വിക്കറ്റ് നഷ്ടപ്പെടാതെ 51 എന്ന നിലയിൽ നിന്നും 4 വിക്കറ്റിന് 62 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ദിനേഷ് കാർത്തിക്കും ഷഹബാസ് അഹമ്മദും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിലേക്ക് എത്തിച്ചത്. 23 പന്തിൽ 44 റൺസടിച്ച ദിനേഷ് കാർത്തിക്കും 26 പന്തിൽ 45 റൺസ് നേടിയ ഷഹബാസ് അഹമ്മദും ജയം പിടിച്ചു വാങ്ങി. നേരത്തെ ജോസ് ബട്ട്ലറും ഷിമ്രോൺ ഹെത്‍മെയറുമാണ് രാജസ്ഥാനെ 169 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 

ടോസ് നേടിയ ബാം​ഗ്ലൂർ നായകൻ ഫാഫ് ഫീൽഡിം​ഗ് തെരഞ്ഞെടുത്തു. രണ്ടാം ഓവറിൽ  തന്നെ ഓപ്പണർ ജയ്സ്വാൾ 4 റൺസ് നേടി മടങ്ങി. എന്നാൽ പിന്നീട് എത്തിയ ദേവദത്ത് പടിക്കൽ ബട്ലറുമൊത്ത് സ്കോർ ചലിപ്പിച്ചു. സ്കോർ 76ൽ നിൽക്കെ 37 റൺസുമായി പടിക്കൽ മടങ്ങി. പിന്നാലെ എത്തിയ സഞ്ജു സാംസൺ(8) ശ്രീലങ്കൻ ബൗളർ ഹസരങ്കക്ക് വിക്കറ്റ് നൽകി വേ​ഗം മടങ്ങി. എന്നാൽ നാലാം വിക്കറ്റിൽ ബട്ട്ലറും ഹെത്‍മെയറും ചേർന്ന് മാന്യമായ സ്കോർ രാജസ്ഥാന് സമ്മാനിച്ചു. ബട്ട്ലർ 47 പന്തിൽ 70 റൺസും ഹെത്‍മെയർ 31 പന്തിൽ 42ഉം നേടി.

170 എന്ന വിജയലക്ഷ്യം പിൻതുടർന്ന ബാം​ഗ്ലൂരിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. അൻജു റാവത്ത് 26ഉം ഫാഫ് 29ഉം നേടി. എന്നാൽ തുടരെ നാല് വിക്കറ്റുകൾ വീണത് ബാം​ഗ്ലൂരിനെ പ്രതിരോധത്തിലാക്കി. 8 റൺസ് നേടി കോഹ്‍ലിയും റണ്ണെടുക്കാതെ ഡേവിഡ് വില്ലിയും മടങ്ങി. അഞ്ച് റൺസെടുത്ത റുതർഫോഡ് പുറത്തായ ശേഷമാണ് കാർത്തിക്ക് ക്രീസിലെത്തുന്നത്. അശ്വിന് എറിഞ്ഞ 14മത്തെ ഓവറിൽ 21 റൺസാണ് കാർത്തിക്കും ഷഹബാസും ചേർന്ന് നേടിയത്. ഇത് കളിയിൽ നിർണ്ണായകമായി. പിന്നീട് ഇരുവരും ചേർന്ന് അനായാസം ടീമിനെ വിജയത്തിനടുത്ത് എത്തിച്ചു. സ്കോർ 154ലൽ നിൽക്കെ ഷഹബാസ് പുറത്തായെങ്കിലും പിന്നാല എത്തിയ ഹർഷ് പട്ടേലിനെ കൂട്ടുപിടിച്ച് കാർത്തിക്ക് ടീമിനെ വിജയത്തിലെത്തിച്ചു. 


തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ രാജസ്ഥാൻ തന്നെയാണ് മുന്നിൽ. ഇന്നത്തെ മത്സരത്തിൽ മുംബൈക്കെതിരെ വിജയിച്ചാൽ കൊൽക്കത്തക്ക് ആറ് പോയിന്റോടെ മുന്നിലെത്താം.