ആറടിച്ച് ലിവർപൂൾ; സിറ്റിയുമായുള്ള വ്യത്യാസം മൂന്ന് പോയിന്റായി ചുരുങ്ങി

 | 
liverpool

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്. 9 പോയിന്റ് വ്യത്യാസത്തിൽ മുന്നിട്ടു നിന്ന മാഞ്ചസ്റ്റർ സിറ്റിയെ പിൻതുടർന്ന ലിവർപൂൾ പോയിന്റ് വ്യത്യാസം മൂന്നായി കുറച്ചു. ഇന്നലെ നടന്ന കളിയിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത ആറ് ​ഗോളിനാണ് ലിവർപൂൾ തകർത്തത്. ഇതോടെ 26 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂളിന് 60 പോയിന്റായി. സിറ്റിക്ക് അത്രതന്നെ മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണ് ഉള്ളത്.

മാറ്റിവച്ച പത്തൊമ്പതാം റൗണ്ട് മത്സരമാണ് ആൻഫീൽഡിൽ ലീഡ്സിനെതിരെ നടന്നത്. രണ്ട് ​ഗോളുകൾ വീതം നേടിയ സാദിയോ മാനേ, മുഹമ്മദ് സല എന്നവരും ജോസഫ് മാറ്റിപ്പ്, വിർജിൽ വാൻഡിജിക് എന്നിവരുമാണ് ലിവർപൂളിന്റെ ​ഗോളുകൾ നേടിയത്. ഇതോടെ മുഹമ്മദ് സലയുടെ ​പ്രീമിയർ ലീ​ഗിലെ ​ഗോൾനേട്ടം 19 ആയി ഉയർന്നു. 

മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച ആവേശവുമായി ബേൺലിക്കെതിരെ കളിക്കാൻ വന്ന ‌‌ടോട്ടനം ഹോട്സ്പർ പരാജയം രുചിച്ചു. എതിരില്ലാത്ത ഒരു ​ഗോളിനാണ് ബേൺലി വിജയിച്ചത്. എഴുപത്തിയൊന്നാം മിനിറ്റിൽ ഇം​ഗ്ലീഷ് താരം ബെൻ മീയാണ് ​ഗോൾ നേടിയത്. മറ്റൊരു കളിയിൽ ക്രിസ്റ്റൽ പാലസ്, വാറ്റ്ഫോഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് പാലസ് വിജയിച്ചത്.