എവർട്ടണോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്; സൗത്താംപ്റ്റണെതിരെ ​ഗോളടിച്ചു കൂട്ടി ചെൽസി

 | 
chelsea

പ്രീമിയർ ലീ​ഗിൽ നിന്നും തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടണു മുന്നിൽ വീണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരില്ലാത്ത ഒരു ​ഗോളിനാണ് യുണൈറ്റഡ് ​ഗുഡിസൺ പാർക്കിൽ തോറ്റത്. 27ാം മിനിറ്റിൽ ആന്റണി ​ഗോൾഡൻ നേടിയ ​ഗോളാണ് വിലപ്പെട്ട മൂന്ന് പോയിന്റ് അവർക്ക് സ്വന്തമാക്കി കൊടുത്തത്. ഇതോടെ 18ാം സ്ഥാനത്തുള്ള ബേൺലിയേക്കാൾ 4 പോയിന്റ് ലീഡ് നേടാൻ 17ാം സ്ഥാനത്തുള്ള എവർട്ടണ് സാധിച്ചു. 

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ചെൽസി അതിന്റെ ക്ഷീണം സൗത്താംപ്റ്റണെതിരെ തീർത്തു. എതിരില്ലാത്ത ആറു ​ഗോളുകൾക്കാണ് ചെൽസി സൗത്താംപ്റ്റണെ തകർത്തത്. 2 ​ഗോൾ വീതം നേടിയ മാസൺ മൗണ്ട്, തിമോ വെർണ്ണർ എന്നിവരും ഓരോ ​ഗോൾ നേടിയ മാർക്കോ അലോൺസോ, കയി ഹാവേട്സ് എന്നിവരുമാണ് ചെൽസിക്കായി സ്കോർ ചെയ്തത്. 

അവസാന ലീ​ഗ് മത്സരത്തിൽ 4-1ന് ബ്രെന്റ്ഫോഡിനോടും ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിൽ 3-1 റയൽ മാഡ്രിഡിനോടും തോറ്റതിന്റെ ക്ഷീണത്തിലായിരുന്നു ചെൽസി. അതിനാൽ തന്നെ ഈ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുക.

പോയിന്റ് പട്ടികയിൽ നാലാമതെത്താനുള്ള അവസരം ആഴ്സണൽ ഇന്ന്  കളഞ്ഞു കുളിച്ചു. ബ്രൈറ്റനുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളിനാണ് അവർ തോറ്റത്. വാറ്റ്ഫോഡിനെ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്ത് ലീഡ്സ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി.