മുംബൈ ഇന്ത്യൻസിനും നാലാം തോൽവി; ബാം​ഗ്ലൂരിന്റെ വിജയം ഏഴ് വിക്കറ്റിന്

 | 
rawat

ചെന്നൈ സൂപ്പർ കിം​ഗ്സിനു പിന്നാലെ മുംബൈ ഇന്ത്യൻസും ഐപിഎല്ലിലെ ആദ്യ നാല് കളിയും തോറ്റു. പൂനെയിൽ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരാണ് മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചത്. ഓപ്പണർ അനൂജ് റാവത്തിന്റെ മികവിലാണ് ബാം​ഗ്ലൂർ വിജയിച്ചത്.

ടോസ് നേടുന്ന ടീം ഫീൽഡിം​ഗ് തെരഞ്ഞെടുക്കുന്ന കാഴ്ച്ച ഈ കളിയിലും കണ്ടു. ബാം​ഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസി മുംബൈയെ ബാറ്റിം​ഗിനയച്ചു. നന്നായി തു‌ടങ്ങിയ മുംബൈ ഓപ്പണേഴ്സ് പവർപ്ലേ ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 49 റൺസ് നേടി. എന്നാൽ ഹർഷൽ പട്ടേലിന്റെ ആദ്യ ഓവറിൽ രോഹിത് പുറത്തായി. 15 പന്തിൽ 26 റൺസെടുത്ത രോഹിത് ബൗളർക്ക് തന്നെ ക്യാച്ച് നൽകുകയായിരുന്നു. പിന്നീട് 12 റൺസ് കൂട്ടിച്ചേർക്കുന്നിതിനിടയിൽ 4 വിക്കറ്റ് കൂടി അവർക്ക് നഷ്ടമായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സൂര്യകുമാർ യാദവാണ് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 37 പന്തിൽ പുറത്താകാതെ 68 റൺസെടുത്ത സൂര്യകുമാർ യാദവ് ആറ് സിക്സും 5 ഫോറും പായിച്ചു. 

ബാ​ഗ്ലൂർ പതിയെ ആണ് തുടങ്ങിയത്. ആദ്യ ആറ് ഓവറിൽ 30 റൺസ് മാത്രമണ് ടീം സ്കോർ ചെയ്തത്. 16 റൺസെടുത്ത ഫാഫ് പുറത്തായതിന് പിന്നാലെ വിരാട് കോഹ്‍ലി എത്തിയതോടെ സ്കോറിം​ഗ് നിരക്ക് വർദ്ധിച്ചു. കോഹ്‍ലി 36 പന്തിൽ 48ഉം റാവത്ത് 47 പന്തിൽ 67 റൺസും നേടി. ദിനേശ് കാർത്തിക്കും​ ​ഗ്ലെൻ മാക്സ്വെല്ലും ചേർന്ന് ടീമിനെ 9 പന്ത് ബാക്കി നിൽക്കെ വിജയത്തിലേക്ക് എത്തിച്ചു. ഈ ജയത്തോടെ 6 പോയിന്റുമായി ബാം​ഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി.