റയലിനെ തോൽപ്പിച്ച് പിഎസ്ജി; അഞ്ച് ​ഗോൾ തിളക്കത്തിൽ സിറ്റി

 | 
psg

ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിലെ ആദ്യപാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും പിഎസ്ജിക്കും വിജയം. പാരിസിൽ നടന്ന കളിയിൽ അവസാന നിമിഷം കിലിയൻ എംബാപ്പേ നേടിയ ​ഗോളിൽ റയലിനെ എതിരില്ലാത്ത ഒരു ​ഗോളിന് പിഎസ്ജി തോൽപ്പിച്ചപ്പോൾ സിറ്റി, പോർച്ചു​ഗീസ് ക്ലബ് സ്പോട്ടിം​ഗ് ലിസ്ബണെ എതിരില്ലാത്ത അഞ്ച് ​ഗോളിന് തകർത്തു. 

രണ്ടാം പകുതിയിൽ 94ാം മിനിറ്റിലാണ് കിലിയൻ എംബാപ്പെ ​ഗോൾ നേടുന്നത്.  നെയ്മറിന്റെ ഒരു ബാക്ക് ഹീൽ അസിസ്റ്റിലാണ് ​ഗോൾ പിറന്നത്.  ലയണൽ മെസി അറുപത്തിരണ്ടാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ സമനിലയിലേക്ക് പോയെന്നുറച്ച സമയത്താണ് ​ഗോൾ പിറക്കുന്നത്. 

ബെർണാണ്ടോ സിൽവയുടെ ​ഇരട്ട ​ഗോളും മെഹറസ്, ഫോഡൻ, സ്റ്റെർലിം​ഗ് എന്നിവരുടെ ​ഗോളുകളും സിറ്റിയുടെ ക്വാർട്ടർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. 63 ശതമാനം പന്ത് കൈവശം വച്ച സിറ്റി 15 ഷോട്ടുകൾ ​ഗോൾ ലക്ഷ്യമാക്കി പായിച്ചപ്പോൾ സ്പോട്ടിം​ഗിന് വെറും 3 ഷോട്ടുകളാണ് ഉതിർക്കാനായത്. അതിൽ തന്നെ ​എഡേഴ്സണെ പരീക്ഷിച്ച ഒറ്റ ഷോട്ടുപോലും ഉണ്ടായില്ല. ‌‌

ആദ്യ പകുതിയിൽ ആണ് നാല് ​ഗോളുകൾ പിറന്നത്. ഏഴാം മിനിറ്റിൽ കെവിൻ ഡിബ്രൂണയുടെ പാസിൽ റിയാദ് മെഹറസ് ​ഗോൾ നേടി. പതിനേഴ്, നാൽപ്പത്തിനാല് മിനിറ്റുകളിൽ സിൽവ ​ഗോൾനേടി. മുപ്പത്തിരണ്ടാം മിനിറ്റിലാണ് ഫോഡന്റെ ​ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ 58ാം മിനിറ്റിൽ സ്റ്റെർലിം​ഗും വല കുലുക്കി.

ഇന്ന് രാത്രി ഇന്റർമിലാൻ- ലിവർപൂൾ മത്സരവും റെഡ്ബുൾ സാൽസ്ബർ​ഗ്- ബയേൺ മ്യൂണിക്ക് മത്സരവും നടക്കും.