​ഗുജറാത്തിനെതിരെ പഞ്ചാബിന് വമ്പൻ ജയം

 | 
cric

ഐപിഎൽ പോയിന്റ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്ന ​ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിം​ഗ്സിന് വമ്പൻ ജയം. ടൈറ്റൻസ് ഉയർത്തിയ 144 എന്ന വിജയലക്ഷ്യം എട്ടു വിക്കറ്റും 4 ഓവറും ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. ശിഖർ ധവാനും ( പുറത്താവാതെ 53 പന്തിൽ 62) ലങ്കൻ ബാറ്റർ ബാനുക രജപക്ഷയും (28 പന്തിൽ 40)  ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 87 റൺസാണ് ടീമിന്റെ വിജയത്തിന് അടിത്തറയിട്ടത്. നാലാമനായി എത്തിയ ലയാം ലിവിങ്ങ്സ്റ്റൺ 10 പന്തിൽ 30 റൺസ് അടിച്ച് വിജയം എളുപ്പമാക്കി. മുഹമ്മദ് ഷമി എറിഞ്ഞ പതിനാറാം ഓവറിൽ 3 സിക്സും 2 ഫോറും ഉൾപ്പടെ 28 റൺസാണ് ലിവിങ്സ്റ്റൺ അടിച്ചത്. നേരത്തെ 4 വിക്കറ്റ് വീഴ്ത്തിയ ക​ഗീസോ റബാദയും റണ്ണൊഴുക്ക് തടഞ്ഞ് പന്തെറിഞ്ഞ മറ്റ് ബൗളർമാരും ചേർന്നാണ് ടൈറ്റൻസിനെ ഒതുക്കിയത്.

ടോസ് നേടിയ ​ഗുജറാത്ത് ബാറ്റിം​ഗ് തെരഞ്ഞെടുത്തു. 65 റൺസെടുത്ത സായ് സുദർശനും 21 റൺസെടുത്ത സാഹയും മാത്രമാണ് ബാറ്റർമാരിൽ തിളങ്ങിയത്. മായങ്കിന് പകരം ജോണി ബെയർസ്റ്റോയെ പഞ്ചാബ് ഓപ്പണറാക്കി എങ്കിലും 1 റൺ എടുത്ത് ബെയർസ്റ്റോ മൂന്നാം ഓവറിൽ പുറത്തായി. റബാദയാണ് മാൻ ഓഫ് ദി മാച്ച്. 

വിജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി. 10 കളിയിൽ നിന്നും 10 പോയിന്റാണ് അവർക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള ​ഗുജറാത്തിന്  10 കളിയിൽ നിന്നും 16 പോയിന്റ് ഉണ്ട്.