ഹൈദരാബാദിന് മുന്നിൽ തകർന്നടിഞ്ഞ് ആർസിബി; കോഹ്‌ലി വീണ്ടും ഗോൾഡൻ ഡക്ക്

 | 
SRH

സൺറൈസേഴ്സ് ബൗളർമാരുടെ മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ ആർസിബിക്ക് വമ്പൻ തോൽവി. സീസണിലെ ഏറ്റവും കുറഞ്ഞ സ്കോർ ആയ 68ന് ഓൾ ഔട്ട് ആയ അവർക്ക് ഹൈദരാബാദിന്റെ 8ആം ഓവറിലെ വിജയത്തെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.

ആദ്യം മാർക്കോ യാൻസൻ, പിന്നാലെ നടരാജൻ, കൂടെ സുജിത്തും മാലിക്കും ഭുവിയും. എല്ലാരും ചേർന്ന് 16.1 ഓവറിൽ ആർസിബിയെ 68ന് പുറത്താക്കി. തുടർച്ചയായ രണ്ടാം കളിയിലും കോഹ്‌ലി നേരിട്ട ആദ്യ പന്തിൽ പുറത്തായി. നടരാജൻ 10 റൺസ് വഴങ്ങിയും യാൻസൻ 25 റൺസ് വഴങ്ങിയും 3 വിക്കറ്റ് വീഴ്ത്തി. 12 റൺസ് വഴങ്ങി സുജിത്ത് 2 വിക്കറ്റ് നേടി. മക്സ്വെൽ, പ്രഭുദേശായ് എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് 8 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അഭിഷേക് ശർമ്മ 47 റൺസ് നേടി പുറത്തായി. വില്യംസൺ പുറത്താകാതെ 16 റൺസ് നേടി. ജയത്തോടെ സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.