ബാംഗ്ലൂരിനെ വീഴ്ത്തി രാജസ്ഥാൻ ഒന്നാമതെത്തി

145 എന്ന വിജയലക്ഷ്യത്തെ ഫലപ്രദമായി പ്രതിരോധിച്ച രാജസ്ഥാൻ റോയൽസ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 29 റൺസിനാണ് ആർആർ വിജയിച്ചത്. ആർസിബി 19.3 ഓവറിൽ 115 റൺസിന് ഓൾഔട്ടായി.
ജോസ് ബട്ട്ലറും പടിക്കലും ഹെത്‍മെയറും തിളങ്ങാതെ പോയ മത്സരത്തിൽ 31 പന്തിൽ 56 റൺസ് നേടിയ റയാൻ പരാഗാണ് 144 എന്ന സ്കോറിൽ രാജസ്ഥാനെ എത്തിച്ചത്. സഞ്ജു സാംസൺ 27 റൺസെടുത്ത് വീണ്ടും ഹസരങ്കയുടെ പന്തിൽ പുറത്തായി. 2 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, ഹെയ്സൽവുഡ്, ഹസരങ്ക എന്നിവരാണ് രാജസ്ഥാനെ ചുരുട്ടിക്കെട്ടിയത്.
ഓപ്പണറായി വന്ന കോഹ്‍ലി 9 റൺസ് എടുത്തു മടങ്ങിയതോടെ ബാംഗ്ലൂരിന്റെ തകർച്ച ആരംഭിച്ചു. 4 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളർ കുൽദീപ് സെൻ, 3 വിക്കറ്റ് നേടിയ അശ്വിൻ, 2 വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ എന്നിവർ ചേർന്ന് ആർസിബിയെ എറിഞ്ഞിട്ടു. 23 റൺസ് നേടിയ നായകൻ ഫാഫ് ഡുപ്ലസിയാണ് ടോപ് സ്കോറർ. റയാന്‍ പരാഗ് 4 ക്യാച്ച് എടുത്തു.
8 കളിയിൽ നിന്നും ആറ് ജയവും രണ്ട് തോൽവിയുമായി രാജസ്ഥാൻ 12 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന് 7 കളിയിൽ നിന്നും 12 പോയിന്റ് ഉണ്ട്. 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ആർസിബി.