സ്പെയ്നിലെ രാജാവായി റയൽ മാഡ്രിഡ്; ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്. സിറ്റിക്കും ലിവർപൂളിനും ജയം
ലാലീഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. നാല് കളികൾ ബാക്കി നിൽക്കെയാണ് റയലിന്റെ കിരീടധാരണം. ശനിയാഴ്ച്ച നടന്ന മത്സരത്തിൽ എസ്പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചാണ് റയൽ കിരീടം സ്വന്തമാക്കിയത്. കോച്ച് കാർലോസ് ആഞ്ചലോട്ടി ഇതോടെ യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗിലും കിരീടം നേടുന്ന ആദ്യ പരിശീലകനായി മാറി. ഇത് 35ാം തവണയാണ് റയൽ സ്പെയിനിലെ രാജാക്കൻമാരാകുന്നത്.
രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ 17 പോയിന്റ് വ്യത്യാസത്തിലാണ് റയൽ കിരീടം നേടിയത്. റോഡ്രിഗോയുടെ ഇരട്ട ഗോളും ബെൻസെമാ, അസെൻസിയോ എന്നിവരുടെ ഗോളുകളുമാണ് ടീമിനെ വിജയിപ്പിച്ചത്. നിലവിൽ സെവിയ്യയാണ് രണ്ടാം സ്ഥാനത്തെങ്കിലും ഒരു മത്സരം കുറവ് കളിച്ച ബാഴ്സിലോണ ഒരു പോയിന്റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം കടുക്കുകയാണ്. ശനിയാഴ്ച്ച നടന്ന കളികളിൽ ലിവർപൂളും സിറ്റിയും വിജയിച്ചു. ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിന് ന്യൂകാസിൽ യുണൈറ്റഡിനെ തകർത്ത് പോയിന്റ് പട്ടികയിൽ മൂന്നിലെത്തി. എന്നാൽ മണിക്കൂറുകൾക്കകം ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് സിറ്റി സ്ഥാനം തിരികെ പിടിച്ചു. 34 കളികൾ കഴിഞ്ഞപ്പോൾ സിറ്റിക്ക് 83ഉം ലിവർപൂളിന് 82ഉം പോയിന്റുണ്ട്. ഇരുവർക്കും നാല് കളികൾ ബാക്കിയുണ്ട്. ഒരു സമനിലയോ പരാജയമോ ഇരുടീമുകളേയും കാര്യമായി ബാധിക്കുമെന്നതിനാൽ നാല് മത്സരങ്ങളിലും ഇരുവർക്കും ജയം അനിവാര്യമാണ്.
ലിവർപൂളിന് ടോട്ടനം ഹോട്ട്സ്പർസ്, ആസ്റ്റൺ വില്ല, സൗത്താംപ്റ്റൺ,വൂൾവർഹാംപ്റ്റൺ എന്നിവരാണ് എതിരാളികൾ. സിറ്റിക്ക് ന്യൂകാസിൽ യുണൈറ്റഡ്, വൂൾവർഹാംപ്റ്റൺ, വെസ്റ്റ്ഹാം യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവരാണ് എതിരാളികൾ.
റോഡ്രി, നാഥാൻ അക്കേ, ഗബ്രിയേൽ ജിസൂസ്, ഫെർണാണ്ടീഞ്ഞോ എന്നിവരാണ് സിറ്റിക്കായി ഗോൾ സ്കോർ ചെയ്തത്. 19ാം മിനിറ്റിൽ നാബി കീറ്റ നേടിയ ഗോളിലായിരുന്നു ലിവർപൂളിന്റെ ജയം.