സിരി എ ഫോട്ടോ ഫിനിഷിലേക്ക്; നാല് മത്സരങ്ങൾ ബാക്കി നിൽക്കെ കിരീടപ്രതീക്ഷയിൽ മിലാൻ

 | 
milan

എസി മിലാൻ നന്ദി പറയുക ബൊലോ​ഗ്നയോടായിരിക്കും. ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് അവർ തോൽപ്പിച്ചതോടെ കിരീട പോരാട്ടത്തിൽ എസി മിലാന് 2 പോയിന്റ് ലീഡ് കിട്ടി. 34 മത്സരങ്ങൾ ലീ​ഗിൽ പൂർത്തിയായപ്പോൾ 72 പോയിന്റുമായി ഇന്റർ രണ്ടാമതും 74 പോയിന്റുമായി മിലാൻ ഒന്നാമതുമാണ്.  ഫിയോറന്റീന, ഹെലാസ് വെറോണ, അറ്റ്ലാന്റ, സസുവോലോ എന്നിവരുമായിട്ടാണ് മിലാൻ ഇനി കളിക്കുന്നത്. അതിൽ ഫിയോറന്റീന,  അറ്റ്ലാന്റ എന്നിവരുമായുള്ള മത്സരം ഒഴിച്ചു നിർത്തിയാൽ ബാക്കി കളികൾ മിലാന് ജയിക്കാൻ കഴിയുന്നതാണ്. ഏഴാം സ്ഥാനത്തുള്ള ഫിയോറന്റീനയും എട്ടാം സ്ഥാനത്തുള്ള അറ്റ്ലാന്റയും ശക്തമായ മത്സരം കാഴ്ച്ചവെക്കുന്ന ടീമുകളാണ്. മറ്റുള്ളവരേയും എഴുതിത്തള്ളാൻ കഴിയില്ല.ഹെലാസ് ഒമ്പതാം സ്ഥാനത്തും സസുവോലോ പത്താം സ്ഥാനത്തുമാണ്.

ഇന്ററിനെ സംബന്ധിച്ചി‌ത്തോളം താരതമ്യേന അശക്തരായ ടീമുകളുമായിട്ടാണ് മത്സരം. അതിനാൽ നാല് കളികളും ജയിക്കാൻ സാധ്യത കൂടുതലാണ്. അതേസമയം കഴിഞ്ഞ ദിവസം ബൊലോ​ഗ്നയോട് തോറ്റതുപോലുയുള്ള അട്ടിമറികൾ ഇറ്റാലിയൻ ലീ​ഗിൽ പ്രതീക്ഷിക്കാം. മൂന്നാം സ്ഥാനത്തുള്ള നപ്പോളിക്കും നാലാമതുള്ള യുവെന്റസിനും കിരീടപ്രതീക്ഷ ഇല്ല. പക്ഷെ അവരുടെ ചാമ്പ്യൻസ് ലീ​ഗ് സാധ്യതകൾക്ക് വലിയ വെല്ലുവിളി ഇല്ല. 

2011ൽ ഇറ്റാലിയൻ ചാമ്പ്യൻമാരായതിന് ശേഷം എസി മിലാൻ കിരീടം നേടിയിട്ടില്ല. 2012 മുതൽ യുവന്റസിന്റെ ആധിപത്യമായിരുന്നു. അത് 2020 വരെ തുടർന്നു. 2021ൽ ഇന്റർമിലാൻ ചാമ്പ്യൻമാരായി. പതിനൊന്ന് വർഷത്തിന് ശേഷം ഇറ്റാലിയൻ ഫുട്ബോളിന്റെ രാജാക്കൻമാരാകാനുള്ള ഭാ​ഗ്യമാണ് മിലാൻ ടീമിന് കൈവന്നിരിക്കുന്നത്. 2019 മുതൽ ടീമിന്റെ പരിശീലകനായ സ്റ്റെഫാനോ പിയോളിക്ക് ഇതുവരെ ഒരു കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള അവസരം കൂടിയാണ് അടുത്ത നാല് ജയങ്ങൾ നൽകുക.