രണ്ടാം ‌ട്വന്റി20യിലും വിജയം; ഇന്ത്യക്ക് പരമ്പര

 | 
cricket

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് 8 റൺസിന്റെ വിജയം. ആവേശകരമായ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിൻതുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 36 പന്തിൽ 68 റൺസെടുത്ത റോവ്മാൻ പവലിന്റേയും 41 പന്തിൽ 62 റൺസെടുത്ത നിക്കോളാണ് പൂരന്റെയും പ്രകടനത്തിന് വിൻഡീസിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. 

പതിനെട്ടാം ഓവറിൽ 8 റൺസ് മാത്രം വഴങ്ങിയ ഹർഷ് പട്ടേലും 19ാം ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി നിക്കോളാസ് പൂരനെ പുറത്താക്കിയ ഭുവനേശ്വർ കുമാറിന്റേയും പ്രകടനമാണ് ഇന്ത്യൻ വിജത്തിൽ നിർണ്ണായകമായത്. 100 റൺസാണ് മൂന്നാം വിക്കറ്റിൽ പൂരനും പവലും കൂട്ടിച്ചേർത്തത്. ഈ കൂട്ടുകെട്ട് വിൻഡീസിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനം വെസ്റ്റിൻഡീസിനെ കുടുക്കി. 

നേരത്തെ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഇഷാൻ കിഷനെ(2) നഷ്ടമായി എങ്കിലും മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‍ലി മികച്ച ഫോമിലായത് റൺനിരക്കിനെ ബാധിച്ചില്ല. നായകൻ രോഹിത് ശർമ്മയുമായി കോഹ്‍ലി രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു.  18 പന്തിൽ 19 റൺസെടുത്ത് രോഹിത് പുറത്തായ ശേഷം വന്ന സൂര്യകുമാർ യാദവും പെട്ടന്ന് മടങ്ങി. 41 പന്തിൽ 52 റൺസെടുത്ത കോഹ്‍ലി, റോസ്റ്റൺ ചേയ്സിന്റെ മനോഹരമായൊരു പന്തിൽ ബൗൾഡായി. എന്നാൽ പിന്നീട് ചേർന്ന ഋഷഭ് പന്ത്- വെങ്കിടേഷ് അയ്യർ കൂട്ടുകെട്ട് കൂറ്റൻ അടികളിലൂടെ ഇന്ത്യൻ സ്കോർ ഉയർത്തി. പന്ത് പുറത്താകാതെ 28 പന്തിൽ നിന്നും 52ഉം വെങ്കിടേഷ് അയ്യർ 18 പന്തിൽ 33 റൺസും എ‌ടുത്തു. വെസ്റ്റിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

 ഋഷഭ് പന്താണ് കളിയിലെ താരം. മൂന്നാം മത്സരം ഞായറാഴ്ച്ച നടക്കും.