ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. മുംബൈ സിറ്റിയെ തകർത്ത് എതിരില്ലാത്ത 3 ഗോളിന്

നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത 3 ഗോളിന് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ മിന്നും ജയം സ്വന്തമാക്കി. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്.
27ആം മിനിറ്റിൽ സഹൽ അബ്ദുൽ സമദിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ജോർജ് ഡയാസ് നൽകിയ പന്ത് സഹൽ മികച്ച ഒരു വോളിയിലൂടെ ഗോൾ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വാസ്ക്വസിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടി. ജീക്സൺ സിങ് നൽകിയ പാസിൽ നിന്ന് മനോഹരമായ വോളിയിലൂടെയായിരുന്നു വാസ്ക്വസിന്റെ ഗോൾ.
50ആം മിനിറ്റിൽ മുംബൈക്ക് പ്രതിരോധകാരൻ ഫാളിനെ ചുവപ്പ് കാർഡ് കണ്ട് നഷ്ടമായി. ജോർജ് ഡയാസിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. ഈ ഫൗളിന് കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് ഡയാസ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.