നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ

തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണും
 | 
Devan

ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും. സെപ്റ്റംബർ 8 വരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളാൻ കാരണമെന്ന് ദേവൻ മനോരമ ഓൺലൈനോട് പറഞ്ഞു. ആറു സിനിമകളിൽ നായകനും വില്ലനും ആയി അഭിനയിച്ച തങ്ങൾ തമ്മിൽ വ്യക്തിപരമായി നല്ല അടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിൽ ടിവികെ തമിഴ്നാട് ഘടകത്തിൽ നിന്നുള്ള രണ്ട് നേതാക്കൾ അദ്ദേഹത്തെ കാണനെത്തി. നടി പ്രിയങ്കയ്ക്കൊപ്പമാണ് ഇരുവരും എത്തിയത്. കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടു. ഇതിനുശേഷം ചെന്നൈയിലെ ചില ഉന്നത നേതാക്കൾ ഗൂഗിൾ മീറ്റ് വഴിയും ദേവനുമായി സംസാരിച്ചു. കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് വാഗ്ദാനം. വിജയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ദേവൻ അറിയിക്കുകയായിരുന്നു. കേരളത്തിലെ സഖ്യ സാധ്യതയടക്കം ചർച്ചയായി.