അജാസിന്റെ പത്ത് വിക്കറ്റ് തിളക്കത്തിലും ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ

 | 
Team india
 

മുംബൈ ടെസ്റ്റിൽ രണ്ടാം ദിനം തന്നെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. 10 വിക്കറ്റ് നേട്ടത്തോടെ അജാസ് പട്ടേൽ കിവികൾക്കായി തിളങ്ങിയെങ്കിലും ന്യൂസിലന്റിനെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ വെറും 62 റൺസിന് പുറത്താക്കി. ഇന്ത്യൻ മണ്ണിലെ ഒരു ടീമിന്റെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോർ ആണ് ഇത്‌. സന്ദർശകരെ ഫോളോവോൺ  ചെയ്യിക്കാതെ രണ്ടാം ഇന്നിഗ്‌സിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 69 റൺസ് എന്ന നിലയിൽ ആണ്. ഇതോടെ ഇന്ത്യക്ക് ആകെ 332 റൺസ് ലീഡ് ആയി.

4ന് 221 എന്ന നിലയിൽ നിന്നും രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യക്ക് 3 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ സാഹയെ നഷ്ടമായി. തൊട്ടടുത്ത പന്തിൽ അശ്വിനും പുറത്ത്. എന്നാൽ പിന്നീട് മായങ്ക് അഗർവാളിന്റെ കൂടെ ചേർന്ന് അക്ഷർ പട്ടേൽ 67 റൺസ് കൂട്ടിച്ചേർത്തു. 150 റൺസ് എടുത്ത മായങ്കും 52 റൺസ് എടുത്ത അക്ഷറും അജാസിന് മുന്നിൽ വീണതോടെ പത്തു വിക്കറ്റ് നേട്ടം മണത്തു. പിന്നീട് ജയന്തിനെയും സിറാജിനെയും പുറത്താക്കി അജാസ് സമാനതകൾ ഇല്ലാത്ത നേട്ടം സ്വന്തമാക്കി.

Ajaz

എന്നാൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് വന്ന കിവീസ് ആദ്യ ടെസ്റ്റിലെ കളി മുഹമ്മദ് സിറാജിന് മുന്നിൽ മറന്നു. നായകൻ ലാതം, യങ്, റോസ് ടെയ്‌ലർ എന്നിവരെ സിറാജ് പെട്ടന്ന് മടക്കി. പിന്നാലെ സ്പിന്നർമാർ വന്നതോടെ ന്യൂസിലാന്റിന് പിടിച്ചു നിൽക്കാൻ പറ്റാതായി. അശ്വിൻ 4ഉം അക്ഷർ 2ഉം വിക്കറ്റ് വീഴ്ത്തി. ജയന്ത് യാദവിനും ഒരു വിക്കറ്റ് കിട്ടി. 28.1 ഓവറിൽ ആണ് ന്യൂസിലൻഡ്  ഓൾഔട്ട് ആയത്. 

രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്തത് മായങ്കും പൂജരായും ആണ്. കളി നിർത്തുമ്പോൾ 38 റൺസ് നേടി മായങ്കും 29 റൺസുമായി പൂജരായും ആണ് ക്രീസിൽ.