ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേട്ടം കുറിച്ച് അജാസ് പട്ടേല്‍; അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളര്‍
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ന്യൂസിലന്‍ഡി ടീമിലെ ഇന്ത്യന്‍ വംശജനായ ബൗളര്‍ അജാസ് പട്ടേല്‍. ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് എന്ന നേട്ടമാണ് അജാസ് കരസ്ഥമാക്കിയത്. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് എല്ലാ വിക്കറ്റുകളും നേടിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബൗളറാണ് അജാസ്. ഇംഗ്ലീഷ് ക്രിക്കറ്ററായിരുന്ന ജിം ലേക്കര്‍, ഇന്ത്യന്‍ സ്പിന്‍ താരം അനില്‍ കുംബ്ലെ എന്നിവരാണ് മുന്‍പ് ഇതേ നേട്ടം സ്വന്തമാക്കിയവര്‍.
മുംബൈയില്‍ ജനിച്ച അജാസ് എട്ടാം വയസിലാണ് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. ജനിച്ച നാട്ടില്‍, അതേ നഗരത്തില്‍ ജന്മനാടിനെതിരെ ചരിത്രനേട്ടം കുറിക്കാന്‍ അജാസിനായി എന്നതാണ് ഈ റെക്കോര്‍ഡിന്റെ തിളക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറില്‍ 325 റണ്‍സിന് ഓള്‍ ഔട്ട് ആയി. 47.5 ഓവറുകളാണ് അജാസ് എറിഞ്ഞത്. 119 റണ്‍ വഴങ്ങിക്കൊണ്ടാണ് 10 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയത്.
ജിം ലേക്കര്‍ 1956 ജൂലൈയിലാണ് ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റ് എന്ന നേട്ടം ആദ്യമായി കുറിച്ചത്. മാഞ്ചസ്റ്ററില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയയെയാണ് അന്ന് ലേക്കര്‍ കശക്കിയെറിഞ്ഞത്. 51.2 ഓവറില്‍ 53 റണ്‍സ് മാത്രം വഴങ്ങിക്കൊണ്ട് ചരിത്രം കുറിക്കുമ്പോള്‍ 23 ഓവറുകള്‍ മെയ്ഡനായിരുന്നു. 1999ല്‍ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ വെച്ചാണ് അനില്‍ കുംബ്ലെയുടെ നേട്ടം. പാകിസ്ഥാനെതിരെ 26.3 ഓവറില്‍ 74 വഴങ്ങിക്കൊണ്ടാണ് കുംബ്ലെ 10 വിക്കറ്റ് നേടിയത്.