ന്യൂസിലന്‍ഡ് പാക് ക്രിക്കറ്റിനെ കൊന്നുവെന്ന് അക്തര്‍; പര്യടനം ഉപേക്ഷിച്ചതില്‍ പ്രതിഷേധം

 | 
Cricket
ആദ്യ ഏകദിനത്തിന്റെ ടോസിന് തൊട്ടുമുന്‍പ് പാക് പര്യടനത്തില്‍ നിന്ന് പിന്‍മാറിയ ന്യൂസിലന്‍ഡിനെതിരെ പാക് താരങ്ങള്‍

ആദ്യ ഏകദിനത്തിന്റെ ടോസിന് തൊട്ടുമുന്‍പ് പാക് പര്യടനത്തില്‍ നിന്ന് പിന്‍മാറിയ ന്യൂസിലന്‍ഡിനെതിരെ പാക് താരങ്ങള്‍. ന്യൂസിലന്‍ഡ് പാക് ക്രിക്കറ്റിനെ കൊന്നുവെന്ന് ഷൊയെബ് അക്തര്‍ ട്വീറ്റ് ചെയ്തു. റാവല്‍പിണ്ടിയില്‍ നിന്ന് സങ്കട വാര്‍ത്തകളും ദൃശ്യങ്ങളുമാണ് വരുന്നതെന്ന് മറ്റൊരു ട്വീറ്റില്‍ അക്തര്‍ പറഞ്ഞു.


എല്ലാ സുരക്ഷയും ഉണ്ടായിട്ടും ഒരു വ്യാജ ഭീഷണിയുടെ പേരില്‍ നിങ്ങള്‍ പര്യടനം റദ്ദാക്കിയെന്ന് ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്തു. ഈ തീരുമാനത്തിന്റെ പ്രത്യാഘാതം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്നും അഫ്രീദി ട്വീറ്റില്‍ ചോദിച്ചു. 


പരമ്പര റദ്ദാക്കിയതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നാണ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം ട്വീറ്റ് ചെയ്തത്. ലക്ഷക്കണക്കിന് പാക് ക്രിക്കറ്റ് ആരാധകരുടെ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്തുമായിരുന്ന പരമ്പരയായിരുന്നു അത്. സുരക്ഷാ ഏജന്‍സികളുടെ കഴിവിലും വിശ്വാസ്യതയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അസം കുറിച്ചു. 


പര്യടനം ഉപേക്ഷിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷ പ്രധാനമായതിനാല്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുകയാണെന്നായിരുന്നു ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ എന്തു സുരക്ഷാ പ്രശ്‌നമാണ് ന്യൂസിലന്‍ഡ് നേരിട്ടതെന്ന് വെളിപ്പെടുത്തില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ന്യൂസിലന്‍ഡ് രണ്ടു പതിറ്റാണ്ടോളമായി പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നത്. 

രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനത്തിന് എത്തുന്നത്. റാവല്‍പിണ്ടിയിലും ലഹോറിലുമായി ഇന്നു മുതല്‍ ഒക്ടോബര്‍ മൂന്നു വരെ മത്സരങ്ങള്‍ നടത്താനായിരുന്നു പദ്ധതി. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമായിരുന്നു പരമ്പരയില്‍ ഉണ്ടായിരുന്നത്. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.