ഹോബർട്ടിൽ 38.5 ഓവറിൽ ഓൾ ഔട്ട്; ഇഗ്ലണ്ട് അഞ്ചാം ടെസ്റ്റിലും തോറ്റു
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിന് തോൽവി. വിക്കറ്റ് നഷ്ടമാകാതെ 68 എന്ന നിലയിൽ നിന്നും 124 റൺസിന് ടീം ഓൾ ഔട്ടായി. 22 ഓവറിനിടക്കാണ് പത്ത് വിക്കറ്റും വീണത്. ഓസ്ട്രേലിയക്ക് 146 റൺസ് വിജയം. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസ് ബൗളർമാരായ കമ്മിൻസ്, കാമറൂൺ ഗ്രീൻ, ബൊളാണ്ട് എന്നിവരാണ് ഇംഗ്ലീഷ് പടയെ ചുരുട്ടിക്കെട്ടിയത്. സ്റ്റാർക്ക് ഒരു വിക്കറ്റ് വീഴ്ത്തി.
36 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോളിയും 26 റൺസെടുത്ത റോറി ബാൺസും വിജയപ്രതീക്ഷ നൽകിയെങ്കിലും പിന്നീട് വന്ന ആർക്കും ഓസീസ് പേസ് ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
സ്കോർ: ഓസ്ട്രേലിയ 303 & 155, ഇംഗ്ലണ്ട് 188 & 124.
ആദ്യ ഇന്നിംഗ്സിൽ ഓസീസിന് വേണ്ടി സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെയും പരമ്പരയിലേയും താരം. നാല് ടെസ്റ്റ് ഓസീസ് വിജയിച്ചപ്പോൾ ഒരു ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു.