ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; അഭിമാനമായി അവിനാഷ് സാബ്‌ലെ
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 3000 മീറ്റർ സ്റ്റിപ്പിൾചേസിലാണ് അവിനാഷ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. എട്ട് മിനിറ്റും 19 സെക്കന്റും 54 മില്ലി സെക്കന്റുമെടുത്താണ് അവിനാഷിന്റെ ഫിനിഷിങ്ങ്. ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് നേട്ടവുമാണിത്.
മഹാരാഷ്ട്ര സ്വദേശിയായ അവിനാഷ് മത്സരത്തിന്റെ തുടക്കം മുതൽ എതിരാളികളെക്കാൾ ഏറെ മുന്നിലായിരുന്നു. ഫിനിഷിങ്ങ് ലൈനിൽ ഇന്ത്യൻ താരമെത്തിയപ്പോൾ എതിരാളികൾ ഏറെ പിന്നിലായി. ഫിനിഷിങ് പോയിന്റിന് 15 മീറ്റർ അകലെ നിന്നുതന്നെ ഇന്ത്യൻ താരം ആഘോഷം തുടങ്ങി. താൻ വിജയിക്കാൻ പോകുന്നുവെന്ന് 29കാരനായ അവിനാഷ് ഉറപ്പാക്കിയിരുന്നു.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെ 45 മെഡലുകൾ സ്വന്തമാക്കി. 13 സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.