ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ബ്രെറ്റ് ലീ

ഇരുപത് വർഷത്തെ കരിയറിന് വിരാമമിട്ടുകൊണ്ട് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ.
 | 
ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ബ്രെറ്റ് ലീ

 

സിഡ്‌നി: ഇരുപത് വർഷത്തെ കരിയറിന് വിരാമമിട്ടുകൊണ്ട് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. ഇതുവരെയുള്ള തന്റെ കരിയറിൽ സന്തുഷ്ടനാണെന്നും ഓരോ നിമിഷവും താൻ ആസ്വദിച്ചതായും ലീ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിരമിക്കൽ തീരുമാനത്തിൽ ആശങ്കയില്ലെന്നും താൻ ശരിയായ തീരുമാനമാണ് എടുത്തതെന്നും മുപ്പത്തിയെട്ടുകാരനായ ബ്രെറ്റ് ലീ വ്യക്തമാക്കി.

1999 ൽ മെൽബണിൽ ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റിലാണ് ലീ അരങ്ങേറ്റം കുറിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ബ്രെറ്റ് ലീ മികച്ച ഫീൽഡറും ഭേദപ്പെട്ട പിൻനിര ബാറ്റ്‌സ്മാനുമാണ്.

2012 ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ബ്രെറ്റ് ലീ 20 ട്വന്റി, ഐ.പി.എൽ മത്സരങ്ങളിലും കളിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിന് വേണ്ടിയാണ് അദ്ദേഹം മത്സരിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ച 221 ഏകദിന മത്സരങ്ങളിൽ നിന്നും 380 വിക്കറ്റും 76 ടെസ്റ്റുകളിൽ നിന്ന് 310 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ലീയുടെ അസാമാന്യ പ്രകടനം പലപ്പോഴും ഓസ്‌ട്രേലിയൻ ടീമിന് വിജയത്തിലെത്താൻ സഹായകമായിട്ടുണ്ട്.