വീണ്ടും ഇന്ത്യ; ഗുസ്തിയില്‍ ബജ്‌റംഗ് പുനിയയ്ക്ക് വെങ്കലം

പുരുഷന്മാരുടെ അറുപത്തിയഞ്ച് കിലോ ഫ്രീസ്റ്റൈല് ഗുസ്തിയില് ഇന്ത്യന് താരം ബജ്റംഗ് പൂനിയയ്ക്ക് വെങ്കലം. കസാഖിസ്ഥാന്‍ താരം ദൗലത്ത് നിയാസ്ബക്കോവിനെ ആണ് പൂനിയ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 8-0. ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. മത്സരത്തിലുടനീളം പൂനിയ അധിപത്യം പുലര്‍ത്തി. കസാഖ് താരത്തിന് ഒരു അവസരം പോലും അദേഹം നല്‍കിയില്ല. ഇേേതാടെ ഇന്ത്യക്ക് ഒളിമ്പിക്‌സില്‍ രണ്ടു വെള്ളിയും നാല് വെങ്കലവുമുള്‍പ്പടെ ആറ് മെഡലുകളായി.
സെമി ഫൈനലില്‍ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയോട് ബജ്റംഗ് പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെയും തോല്‍പ്പിച്ചിരുന്നു. മീരാബായ് ചാനു, പി.വി സിന്ധു, ലവ്ലിന ബോര്‍ഗൊഹെയ്ന്‍, രവികുമാര്‍ ദഹിയ എന്നിവരും ഇന്ത്യന്‍ ഹോക്കി ടീമും ആണ് ടോക്യോയില്‍ ഇന്ത്യക്ക് വേണ്ടി മെഡലുകള്‍ നേടിയത്.