യുഎഇയിലെ തുടർച്ചയായ ഏഴാം തോൽവിയുമായി ബാംഗ്ലൂർ; ചെന്നൈയുടെ ജയം ആറ് വിക്കറ്റിന്

യുഎഇയിൽ ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ നിർഭാഗ്യം തുടരുന്നു. 2014ലെ അവസാന അഞ്ച് മത്സരങ്ങളും തോറ്റ ബാംഗ്ലൂർ കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിനോടു കൂടി തോറ്റതോടെ തുടർച്ചയായ തോൽവികളുടെ എണ്ണം ഏഴായി. ഈ സീസണിലെ യുഎഇയിലെ ആദ്യ മത്സരത്തിലും ബാംഗ്ലൂർ തോറ്റിരുന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നല്ല തുടക്കം ലഭിച്ചു. കോഹ്‍ലിയും ദേവദത്ത് പടിക്കലും ചേർന്ന ആദ്യവിക്കറ്റ് കൂട്ടുകെട്ട് 111 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരും ചേർന്ന് ആദ്യ പവർപ്ലേയിൽ 55 റൺസും നേടി. 41 പന്തിൽ 53 റൺസ് നേടി കോഹ്‍ലി പുറത്തായി. ബ്രാവോയുടെ പന്തിൽ മിഡ് വിക്കറ്റിൽ ജഡേജ പിടിച്ചാണ് കോഹ്‍ലി പുറത്തായത്. ഇതോടെ ടീമിന്റെ സ്കോറിംഗ് വേഗം കുറഞ്ഞു. പിന്നാലെ ഡിവില്ലേഴ്സും (12) പുറത്തായി. ശർദൂൽ താക്കൂറിന്റെ പന്ത് ഉയർത്തിയടിച്ച എബിഡി എക്സ്ട്രാ കവറിൽ സുരേഷ് റെയ്നയുടെ കൈയ്യില്ലൊതുങ്ങി. 50 പന്തിൽ 70 റൺസ് നേടിയ ദേവദത്താണ് പിന്നീട് ഔട്ടായത്. താക്കൂറിനെ സ്ക്കൂപ്പ് ചെയ്യാൻ ശ്രമിക്കവെ ഷോർട്ട് തേഡ്മാനിൽ റായ്ഡുവിന്റെ കയ്യിലൊതുങ്ങി. പിന്നീടങ്ങോട്ട് ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. റൺ വിട്ടുകൊടുക്കാതെയുള്ള ബ്രാവോയുടെ ബൗളിംഗും സ്കോറിംഗ് നിരക്ക് താഴ്ത്തി. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം 156 റൺസ് നേടിയത്. നായകൻ കോഹ്‍ലി പ്രതീക്ഷിച്ചതിലും 15-20 റൺസ് കുറവ്. ബ്രാവോ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശർദൂൽ 2 വിക്കറ്റും നേടി.
ചേസിംഗ് ആരംഭിച്ച ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി ഓപ്പണിംഗ് ബാറ്റർമാരായ ഡുപ്ലസിസും ഗെയ്ക്വാദും നല്ല തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 71 റൺസ് നേടി. പവർപ്ലേയിൽ ചെന്നൈ 59 റൺസാണ് നേടിയത്. ഗെയ്ക്വാദ് (38), ഡുപ്ലസിസ് (31), മോയിൻ അലി(23), അമ്പാട്ടി റായ്ഡു(32) എന്നിവർ ടീമിനെ വിജയത്തോടടുപ്പിച്ചു. സുരേഷ് റെയ്നയും (17*), ധോണിയും (11*) ചേർന്ന് ടീമിനെ വിജയത്തിലേക്കും എത്തിച്ചു.
ബ്രാവോ ആണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ 9 കളിയിൽ നിന്നും ചെന്നൈക്ക് 14 പോയിന്റായി. ബാംഗ്ലൂരിന് അത്രതന്നെ കളികളിൽ നിന്നും 10 പോയിന്റാണ് ഉള്ളത്.