മൂന്ന് ഗോൾ ലീഡ് നേടിയ ശേഷം സമനില വഴങ്ങി ബാഴ്‌സലോണ; ജയത്തോടെ ഒന്നാമത്തെത്തി റയൽ മാഡ്രിഡ്

സെൽറ്റ വിഗോയോടാണ് ബാഴ്സ സമനില വഴങ്ങിയത്. 
 | 
Celta vigo
 മൂന്ന് ഗോൾ ലീഡ് നേടിയ ശേഷം സമനില വഴങ്ങുക. അതും ലാ ലീഗിൽ പോയിന്റ് പട്ടികയിൽ 15ആം സ്ഥാനത്തുള്ള ഒരു ടീമുമായി. പഴയ ബാഴ്‌സലോണയെ സംബന്ധിച്ച് ചിന്തിയ്ക്കാൻ പറ്റാത്ത കാര്യം. അതാണ് ശനിയാഴ്ച രാത്രി മുനിസിപ്പൽ ദേ ബലയ്ദോസ് സ്റ്റേഡിയത്തിൽ സംഭവിച്ചത്. 

34 മിനിറ്റിൽ 3 ഗോളുകൾ വിഗോക്ക് എതിരെ അടിച്ച ബാഴ്സ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ വഴങ്ങി. അഞ്ചാം മിനിറ്റിൽ അൻസു ഫാത്തി, 18ആം മിനിറ്റിൽ സെർജിയോ ബാസ്ക്വെറ്റ്സ് , 34ആം മിനിറ്റിൽ മെംഫിസ് ഡിപ്പേ എന്നിവർ ബാഴ്സക്കായി സ്കോർ ചെയ്തു. 

എന്നാൽ രണ്ടാം പകുതിയിൽ സെൽറ്റോ വിഗോ ആക്രമിച്ചു കളിച്ചു.60 ശതമാനം പന്തും കൈവശം വെക്കാനും കൂടുതൽ ഷോട്ടുകൾ പായിക്കാനും അവർക്കായി. അതിന്റെ ഗുണം 52ആം മിനിറ്റിൽ ഉണ്ടായി. സ്‌ട്രൈക്കർ അസ്‌പാസ് ഗോൾ നേടി. 74ആം മിനിറ്റിൽ നോലിറ്റോ രണ്ടാം ഗോളും കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ അസ്‌പാസ് മൂന്നാം ഗോളും നേടി. 

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്  റയോ വല്ലേക്കാനോയെ തോൽപ്പിച്ച്  റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ടോണി ക്രൂസ്, കരീം ബെൻസെമ എന്നിവർ റയലിനായി സ്കോർ ചെയ്തപ്പോൾ ഫാൽകോയാണ് വല്ലേക്കാനോയുടെ ഗോൾ നേടിയത്. 

എസ്പാന്യോൾ, അലാവേസ്, കാഡിസ് എന്നിവർ വിജയിച്ചു. 12 കളികൾ കഴിഞ്ഞപ്പോൾ  പട്ടികയിൽ 27 പോയിന്റുമായി റയൽ ഒന്നാമതും 25 പോയിന്റ് നേടി സോസിദാദ് രണ്ടാമതും ആണ്. 17 പോയിന്റുമായി ബാഴ്‌സ 9ആം സ്ഥാനത്താണ്.