ഐ.പി.എൽ ഉടൻ പുനരാരംഭിക്കാൻ വഴികൾ തേടി ബി.സി.സി.ഐ

നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങൾ തിരിച്ചെത്തുമോ?
 | 
ipl

മുംബൈ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐ.പി.എൽ 2025 മത്സരങ്ങൾ ഉടൻ പുനരാരംഭിക്കാൻ വഴികൾ തേടി ബി.സി.സി.ഐ.

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെയാണ് ബി.സി.സി.ഐ തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. പുതിയ സമയക്രമം തീരുമാനിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുമെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ ധൂമൽ പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ അനുമതി കൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐ‌.പി.‌എൽ പുനരാരംഭിക്കുന്നതിനും ടൂർണമെന്‍റ് പൂർത്തിയാക്കാനുമുള്ള സാധ്യതകൾ തേടുകയാണ്. ഉടൻ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയാൽ വേദിയും സമയക്രമവും തീരുമാനിക്കേണ്ടതുണ്ട്, കൂടാതെ ടീം ഉടമകൾ ഉൾപ്പെടെ എല്ലാവരുമായും സംസാരിച്ച് മത്സരം നടത്താനുള്ള വഴികൾ കണ്ടെത്തണം. സർക്കാറുമായും സംസാരിക്കണം’ -അരുൺ പ്രതികരിച്ചു. ഐ.പി.എൽ ഭരണസമിതിയുമായി ഞായറാഴ്ച ബി.സി.സി.ഐ ചർച്ച നടത്തുമെന്ന് വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല വ്യക്തമാക്കി. സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ ഹിമാചൽപ്രദേശിലെ ധരംശാല ഒഴിവാക്കി മത്സരങ്ങൾ മറ്റു വേദികളിൽ നടത്താനുള്ള വഴികളും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.

കൂടാതെ, ദക്ഷിണേന്ത്യൻ നഗരങ്ങളിൽ മാത്രമായി വേദി ചുരുക്കാനും പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലാകും മത്സരം നടക്കുക. വെള്ളിയാഴ്ചയാണ് ഐ.പി.എൽ ഒരാഴ്ച നിർത്തിവെക്കുകയാണെന്ന പ്രഖ്യാപനം വന്നത്. വ്യാഴാഴ്ച ധരംശാലയിൽ പഞ്ചാബ്- ഡൽഹി മത്സരത്തിനിടെ പരിസരത്ത് വ്യോമാക്രമണ മുന്നറിയിപ്പ് ഉയർന്നതിനെതുടർന്ന് കളി പാതിവഴിയിൽ നിർത്തിവെച്ചതോടെ ഇടവേള പ്രഖ്യാപിക്കുകയായിരുന്നു. താരങ്ങൾക്ക് പുറമെ പരിശീലകർ, മറ്റ് ഒഫിഷ്യലുകൾ അടക്കം നിരവധി പേർ ടീമുകൾക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, ടീമുകളിലെ പല വിദേശ താരങ്ങളും പരിശീലക സംഘത്തിലുള്ളവരും നാട്ടിലേക്ക് മടങ്ങിയത് വെല്ലുവിളിയാകും. ഈ താരങ്ങളെല്ലാം എപ്പോൾ തിരിച്ചെത്തുമെന്ന കാര്യത്തിൽ ടീമുകൾക്കുപോലും ഉറപ്പ് പറയാനാകുന്നില്ല. ജൂണിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം തുടങ്ങുന്നതിനാൽ അതിനു മുമ്പേ ഐ.പി.എൽ പൂർത്തിയാക്കേണ്ടതുണ്ട്.