കോഹ്ലിയുടെ റസ്റ്റാറന്‍റിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു

ബംഗളൂരു: സൂപ്പർതാരം വിരാട് കോഹ്ലിയുടെ ബംഗളൂരുവിലെ ‘വൺ 8 കമ്യൂൺ’ റസ്റ്റാറന്‍റിനെതിരെ കേസെടുത്ത് പൊലീസ്. പുകവലിക്കാൻ പ്രത്യേക മുറിയില്ലാതെ റസ്റ്റാറന്‍റ് പ്രവർത്തിപ്പിച്ചതിലൂടെ കോട്പ നിയമം ലംഘിച്ചതിനാണ് കബൺ പാർക്ക് പൊലീസ് കേസെടുത്തത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.ഐ ജി. അശ്വിനിയുടെ നേതൃത്വത്തിൽ കസ്തുർബ റോഡിൽ പ്രവർത്തിക്കുന്ന റസ്റ്റാറന്‍റിൽ പൊലീസ് പരിശോധന നടത്തി. നേരത്തെയും റസ്റ്റാറന്‍റിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും റസ്റ്റാറന്‍റ് തുറന്ന് പ്രവർത്തിപ്പിച്ചതിന് 2024 ജൂലൈയിൽ കബൺ പാർക്ക് പൊലീസ് തന്നെയാണ് കേസെടുത്തത്.
അർധ രാത്രി ഒരു മണി കഴിഞ്ഞിട്ടും റസ്റ്റാറന്‍റ് അടക്കാതെ വലിയ ശബ്ദത്തിൽ പാട്ട് വെച്ചതിന് സമീപവാസികളുടെ പരാതിയിലാണ് പൊലീസ് അന്ന് കേസെടുത്തത്. വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്യൂണ്‍ ബംഗളൂരുവിനു പുറമേ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, പുണ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബംഗളൂരുവില്‍ ആരംഭിച്ചത്.