ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാമൻ ആയി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെ തോൽപ്പിച്ചു

 | 
Blasters

ഏഴ് വർഷങ്ങൾക്ക് ശേഷം ഐഎസ്എൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് എത്തി. 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സിന് 17 പോയിന്റ് ആണ് ഉള്ളത്. ഹൈദാരബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിൽ എത്തിയത്. കളിയുടെ 42ആം മിനിറ്റിൽ അൽവരോ വാസ്ക്വസ് ആണ് കേരളത്തിന്റെ ഗോൾ നേടിയത്.

ആദ്യ കളിയിൽ എടികെയോട് തോറ്റ ശേഷം കഴിഞ്ഞ 9 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവിയറിഞ്ഞിട്ടില്ല. 42ആം മിനിറ്റിൽ ബോക്സിലേക്കെത്തിയ  ഹൈദരാബാദ് താരം ആശിഷ് റായ് ഹെഡ് ചെയ്ത് ഒഴിവാക്കാൻ ശ്രമിച്ചത് അൽവാരോ വാസ്ക്വസിന് പിന്നിലേക്കായിരുന്നു. പ്രതിരോധ താരത്തെ വെട്ടിച്ച് വാസ്ക്വസിന്റെ ഇടംകാലൻ വോളി  ഗോൾ വലയിൽ.

2014-ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്. ലീഗിന്റെ പകുതി പൂർത്തിയായപ്പോൾ 10 കളിയിൽ കേരളം അടിച്ചത് 16 ഗോൾ. വഴങ്ങിയത് 10 ഗോൾ. 4 ജയവും 5 സമനിലയും ഒരു തോൽവിയും. കോച്ചായി വുകോമനോവിച്ച് വന്നതിന് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും ആണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് ആരാധകരുടെ പക്ഷം.