74 വർഷത്തെ കാത്തിരിപ്പിന് വിജയത്തോടെ തുടക്കം; ബ്രന്റ്ഫോഡിന്റെ പ്രീമിയർ ലീഗ് തിരിച്ചുവരവ് ഗംഭീരം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഒന്നാം ഡിവിഷനിൽ കളിക്കാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടിവന്ന ക്ലബ്ബുകൾ അധികമില്ല . 131 വർഷം മുൻപ് രൂപീകരിച്ച ബ്രെന്റ്ഫോഡ് എന്ന ലണ്ടൻ ക്ലബ്ബിന് 74 വർഷമാണ് ഒന്നാം ഡിവിഷനിലേക്ക് തിരികെ എത്താൻ കാത്തിരിക്കേണ്ടിവന്നത്. തേനീച്ചകൾ എന്നു വിളിപ്പേരുള്ള ഇവർ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു. എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണലിനെ തോൽപ്പിച്ച് അവർ പോയിന്റെ പട്ടികയിൽ വിജയത്തിനു നേരെ തങ്ങളുടെ പേരെഴുതിച്ചേർത്തു.
മത്സരത്തിലുടനീളം പന്ത് കൈവശം വച്ചിട്ടും ആക്രമിച്ചു കളിച്ചിട്ടും ആഴ്സണലിന് വിജയിക്കാനായില്ല. ഇരുപത്തിരണ്ടാം മിനിറ്റിൽ സ്പെയിൻകാരനായ ഫോർവേഡ് സെർജി കാനോസും എഴുപത്തി മൂന്നാം മിനിറ്റിൽ ഡാനിഷ് മധ്യനിര താരം ക്രിസ്റ്റ്യൻ നോർഗാഡും ബീസിന് വേണ്ടി ഗോളുകൾ നേടി. 2018 മുതൽ ടീമിനെ പരിശീലിപ്പിക്കുന്ന ഡെൻമാർക്കുകാരനായ കോച്ച് തോമസ് ഫ്രാങ്കിന് ഇത് അഭിമാന നിമിഷം.
ബ്രിട്ടീഷുകാർ ഇന്ത്യവിടുന്നതിനും ഏതാനും നാളുകൾക്ക് മുന്നേ, കൃത്യമായി പറഞ്ഞാൽ 1947 മെയ് 26നാണ് അവസാനമായി ബ്രെന്റ്ഫോഡ് ഒന്നാം ഡിവിഷനിൽ കളിക്കുന്നത്. അതുകൊണ്ടു തന്നെ ക്ലബിന്റെ നിലവിലെ ആരാധകരിൽ അധികം പേർക്കും ടീമിന്റെ പ്രീമിയർ ലീഗ് കളികൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ടാവില്ല. ഗ്രിഫിൻ പാർക്ക് എന്ന സ്റ്റേഡിയത്തിൽ നൂറ്റിപതിനാറ് വർഷം കളിച്ച ബീസ് പിന്നീട് ബ്രെന്റ്ഫോഡ് കമ്യൂണിറ്റി സ്റ്റേഡിയത്തിലേക്ക് താവളം മാറ്റുകയായിരുന്നു.
വെസ്റ്റ് ലണ്ടിനിലുള്ള ബ്രെന്റ്ഫോഡ് ഇത്തവണ പ്ലേയോഫ് കളിച്ചാണ് പ്രീമിയർ ലീഗിലെത്തുന്നത്. ഒരു കാലാത്ത് ശക്തരായിരുന്നു വെസ്റ്റ് ലണ്ടൻ ടീമുകൾ. ക്വീൻസ് പാർക്ക് റേഞ്ചേഴ്സും ഫുൾഹാമും ഒക്കെ പ്രതാപികളായിരുന്നു. എന്നാൽ ഫുൾഹാം ഇടക്കിടക്ക് പ്രീമിയർ ലീഗിൽ വന്നും പോയിട്ടും ഇരിക്കുന്നു. ക്വുപിആർ ആകട്ടെ കുറച്ചധികം കാലമായി ഇപിഎൽ കണ്ടിട്ട്. അതിനിടയിലൂടെയാണ് ബീസ് തങ്ങളുടെ മാസ് എൻട്രി നടത്തിയത്.
അമ്പത് വർഷത്തിലധികം കാത്തിരുന്നു പ്രീമിയർ ലീഗിൽ എത്തേണ്ടിവന്ന വേറെയും ടീമുകൾ ഉണ്ട്.
ക്ലബ് | വർഷം | കാലഘട്ടം |
---|---|---|
ബ്രാഡ് ഫോഡ് | 77 | 1922-1999 |
ബ്രെന്റ്ഫോഡ് | 74 | 1947-2021 |
ഓൾഡാം അത്‍ലറ്റിക്ക് | 68 | 1923-1991 |
ബ്രിസ്റ്റോൾ സിറ്റി | 65 | 1911-1976 |
നോട്ട്സ് സിറ്റി | 55 | 1926-1981 |
കാഡിഫ് സിറ്റി | 51 | 1962-2013 |