യുസ്വേന്ദ്ര ചെഹലിന് എതിരെ ജാതി അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിന് എതിരെ ജാതി അധിക്ഷേപം നടത്തിയതിന് മുന്‍ താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. യുവരാജിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടതായി പോലീസ് അറിയിച്ചു. ഹന്‍സി പോലീസ് ആണ് യുവരാജിനെ അറസ്റ്റ് ചെയ്തത്.
എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട്, ഐപിസി എന്നിവ അനുസരിച്ചാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രോഹിത് ശര്‍മയുമായി യുവരാജ് നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചെഹലിനെതിരെ ജാതി അധിക്ഷേപം അടങ്ങിയ പരിഹാസവാക്ക് യുവരാജ് ഉപോഗിച്ചു. ഇതിനെതിരെ ദളിത് സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.
അഭിഭാഷകനും ദളിത് ആക്ടിവിസ്റ്റുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ യുവരാജ് മാപ്പുപറഞ്ഞിരുന്നു.