ചെൽസി- ലിവർപൂൾ മത്സരം സമനിലയിൽ; റയലിന് തോൽവി. ബാഴ്‌സക്കും അത്‌ലറ്റിക്കോയ്ക്കും വിജയം

 | 
liverpool


ഇഗ്ലീഷ് പ്രീമിയർ ലീഗിലെ ഹെവിവെയ്റ്റ് മത്സരത്തിൽ ചെൽസിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമും 2 ഗോൾ വീതം നേടി. 2 ഗോളിന് പിന്നിൽ നിന്ന ശേഷം ആണ് ചെൽസി സമനില നേടിയത്. സമനിലയോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചെൽസിയുടെ പോയിന്റ് വ്യത്യാസം 10 ആയി. ലിവർപൂളിന് 11ഉം.

9ആം മിനിറ്റിൽ സാദിയോ മാനെ നേടിയ ഗോൾ ലിവർപൂളിനെ മുന്നിൽ എത്തിച്ചു. ചെൽസിയുടെ പ്രതിരോധ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. 26ആം മിനിറ്റിൽ അലക്സാണ്ടർ അറോണാൾഡിന്റെ അസിസ്റ്റിൽ മുഹമ്മദ് സാലയുടെ മനോഹരമായ ഗോൾ. കളിയിൽ ലിവർപൂൾ വിജയം ഉറപ്പിച്ചു. എന്നാൽ ചെൽസി ശക്തമായി തിരിച്ചു വന്നു.

42ആം മിനിറ്റിൽ കോവാസിച്ചിന്റെ മനോഹരമായ ഒരു വോളി ലിവർപൂൾ വല കുലുക്കി. 4 മിനിട്ടുകൾക്ക് ഇപ്പുറം കാന്റെയുടെ അസിസ്റ്റിൽ പുലിസിച്ച് ചെൽസിയുടെ സമനില ഗോൾ നേടി.

ലീഗിലെ മറ്റ് കളികളിൽ ബ്രൈറ്റൺ 2 നെതിരേ 3 ഗോളുകൾക്ക് എവർട്ടണെ പരാജയപ്പെടുത്തി. അലക്സിസ് മാക് അലിസ്റ്റെർ നേടിയ ഇരട്ട ഗോളും ഡാൻ ബേൺ നേടിയ ഗോളും സീഗുൾസിന്റെ വിജയം ഉറപ്പാക്കി. ആന്റണി ഗോർഡൺ എവർട്ടണ് വേണ്ടി 2 ഗോൾ മടക്കി.

ലീഡ്സ് 3- 1ന് ബേർണലിയേയും ബ്രെന്റ്ഫോഡ് 2-1 ന് ആസ്റ്റൺ വില്ലയെയും തോൽപ്പിച്ചു. 

ലാ ലീഗാ

സ്പെയിനിൽ ലാ ലീഗായിൽ ഒന്നാമത് നിൽക്കുന്ന റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ഗെറ്റഫെയാണ് എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോൽപ്പിച്ചത്. 9ആം മിനിറ്റിൽ ഉനൽ ആണ് ഗോൾ അടിച്ചത്. തോറ്റെങ്കിലും റയൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരും. 

മറ്റൊരു കളിയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത 2 ഗോളിന് റയോ വല്ലേക്കാനോയെ തോൽപ്പിച്ചു. എയ്ഞ്ചൽ കൊറയ ഇരട്ട ഗോൾ നേടി. 

റയൽ മല്ലോർക്കയെ തോൽപ്പിച്ചു ബാഴ്‌സലോണയും 2022ലെ ആദ്യ ജയം സ്വന്തമാക്കി. ലുക് ഡിയോങ് ആണ് ഗോൾ നേടിയത്. ഈ ജയത്തോടെ ബാഴ്സ പോയിന്റ് പട്ടികയിൽ 5ആം സ്ഥാനത്തേക്ക് എത്തി.