ചെൽസിക്ക് തോൽവി; ജയത്തോടെ സിറ്റി ഒന്നാമത്. ലിവർപൂളിനും ജയം

 | 
West ham

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ്ഹാം യുണൈറ്റഡിനോട് ചെൽസി തോറ്റത്തോടെ സിറ്റി ഒന്നാം സ്ഥാനത്തേക്ക് എത്തി. വാറ്റ്ഫോഡിനെ തോൽപ്പിച്ചാണ് സിറ്റി പോയിന്റ് പട്ടികയിൽ മുന്നേറിയത്. ഒറിഗിയുടെ ഗോളിൽ വൂൾവർഹാംറ്റണെ മറികടന്ന് ലിവർപൂൾ രണ്ടാം സ്ഥാനത്തേക്ക് കയറി.  

2നെതിരേ 3 ഗോളുകൾക്കാണ് ചെൽസിയെ വെസ്റ്റ്ഹാം തോൽപ്പിച്ചത്. രണ്ടു തവണയും പിന്നിൽ നിന്നും കയറി വന്നു സമനില പിടിച്ച വെസ്റ്റ്ഹാം പകരക്കാരനായി വന്ന ആർതർ മസുവാക്കുവിന്റെ ഗോളിൽ ആണ് വിജയിച്ചത്. 28ആം മിനിറ്റിൽ തിയാഗോ സിൽവയിലൂടെ മുന്നിൽ എത്തിയ ചെൽസി 40 മിനിറ്റിൽ വെസ്റ്റ്ഹാമിന് പെനാൽറ്റി നൽകി. മാന്വൽ ലാൻസിനി അത് ഗോളാക്കി മാറ്റി. 44ആം മിനിറ്റിൽ മൗണ്ട് ചെൽസിയെ വീണ്ടും മുന്നിൽ എത്തിച്ചു. എന്നാൽ 56ആം മിനിറ്റിൽ ജറോഡ് ബോവൻ സമനില പിടിച്ചു. 87ആം മിനിറ്റിൽ ആണ് മസുവാക്കുവിന്റെ വിജയ ഗോൾ പിറന്നത്. അപ്രതീക്ഷിതമായി വന്ന ഷോട്ട് ഗോൾകീപ്പർ മെൻഡിയുടെ കയ്യിൽ തട്ടി വലയിൽ കയറി.  

ഈ സീസണിൽ ലീഗിൽ ചെൽസി നേരിടുന്ന രണ്ടാം തോൽവിയാണ് ഇത്. 

വൂൾഫ്‌സിനെതിരായ മത്സരം  സമനിലയിലേക്ക് നീങ്ങവേ 94ആം മിനിറ്റിൽ ആണ് ലിവർപൂളിന് വിജയ ഗോൾ ലഭിക്കുന്നത്. സലയുടെ പാസ്സിൽ ഡിവോക് ഒറിഗിയാണ് ടീമിന് വിജയം നേടിക്കൊടുക്കുന്നത്. ഇതൊടെ ടീമിന് ചെൽസിയെ മറികടക്കാൻ കഴിഞ്ഞു. 

വാറ്റ്ഫോഡിന് എതിരായ കളിയിൽ ഒന്നിനെതിരെ  3 ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വിജയിക്കുന്നത്. 4ആം മിനിറ്റിൽ റഹീം സ്റ്റർലിംഗ് ആദ്യ ഗോൾ നേടി. 31ആം മിനിറ്റിൽ ഫോമിലുള്ള ബെർണാണ്ടോ സിൽവ സിറ്റിയുടെ രണ്ടാം ഗോൾ അടിച്ചു. 63ആം മിനിറ്റിൽ സിൽവ വീണ്ടും ഗോൾ നേടി. 74ആം മിനിറ്റിൽ ആണ് കുച്ചോ ഹെർണാണ്ടസിന്റെ ഗോൾ .

ഇതോടെ 15 കളികളിൽ നിന്ന് സിറ്റിക്ക് 35 പോയിന്റ് ആണ് ഉള്ളത്. ലിവർപൂളിന് 34ഉം ചെൽസിക്ക് 33ഉം പോയിന്റ് ഉണ്ട്. 27 പോയിന്റ് ഉള്ള വെസ്റ്റ്ഹാം നാലാം സ്ഥാനത്തും ഉണ്ട്.