ഐ.പി.എൽ: ചെന്നൈക്ക് ജയം

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലാം ജയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 27 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്.
 | 
ഐ.പി.എൽ: ചെന്നൈക്ക് ജയം

 

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് നാലാം ജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 27 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്. ആശിഷ് നെഹ്‌റയുടെ മികച്ച ബോളിങ് പ്രകടനമാണ് ചെന്നൈയുടെ വിജയത്തിന് കളമൊരുക്കിയത്. ടോസ് നേടിയ ചലഞ്ചേഴ്‌സ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 181 റൺസ് എടുത്തു.

32 ബോളിൽ നിന്ന് 62 റൺസെടുത്ത സുരേഷ് റൈനയാണ് ടീമിലെ ടോപ് സ്‌കോറർ. ആറു സിക്‌സും നാലു ഫോറും ഉൾപ്പെടുന്നതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. ഡ്വെയ്ൻ സ്മിത്ത് 39 റൺസും ഡു പ്ലെസിസ് 33 റൺസും ക്യാപ്റ്റൻ ധോണി 13 റൺസും എടുത്തു. ചലഞ്ചേഴ്‌സിന് വേണ്ടി യുസ്വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റും ഇക്ബാൽ അബ്ദുള്ള രണ്ട് വിക്കറ്റും വീഴ്ത്തി.

182 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ചലഞ്ചേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടാനേ സാധിച്ചുള്ളു. ചലഞ്ചേഴ്‌സിന്റെ ഓപ്പണർമാരെ മടക്കി ആശിഷ് നെഹ്‌റ മേൽക്കൈ നൽകി. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് (52) അൽപമെങ്കിലും ചെറുത്തു നിന്നത്. അർധസെഞ്ചുറി പിന്നിട്ടയുടൻ കോഹ്‌ലിയേയും നെഹ്‌റ മടക്കി. 10 റൺസ് മാത്രം വഴങ്ങി ചലഞ്ചേഴ്‌സിന്റെ നാല് വിക്കറ്റുകളാണ് ആശിഷ് നെഹ്‌റ സ്വന്തമാക്കിയത്. സുരേഷ് റൈനയാണ് മാൻ ഓഫ് ദ മാച്ച്.

അതേസമയം, ഐ.പി.എൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 16 റൺസിന് തോൽപിച്ചു. ഡക് വർത്ത് ലൂയിസ് പ്രകാരം വിജയലക്ഷ്യം 177 ൽ നിന്ന് 118 ആക്കി പുനർനിശ്ചയിച്ച മൽസരത്തിൽ 12 ഓവറിൽ 17 റൺസകലെ കൊൽക്കത്തയുടെ പോരാട്ടമവസാനിച്ചു.

ആറ് കളിയിൽ അഞ്ചിലും വിജയിച്ച് 10 പോയിന്റ് നേടി രാജസ്ഥാൻ റോയൽസാണ് പട്ടികയിൽ ഒന്നാമത്. അഞ്ച് മത്സരം കളിച്ചതിൽ നാലിലും വിജയിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് 8 പോയിന്റോടെ രണ്ടാമതും ആറ് പോയിന്റോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ്. സൺറൈസേഴ്‌സ് ഹൈദരാബാദ് (4), ഡൽഹി ഡെയർഡെവിൾസ് (4), കിങ്‌സ് ഇലവൻ പഞ്ചാബ് (4), മുംബൈ ഇന്ത്യൻസ് (2), റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ (2) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.