ആഴ്സണലിനെ ​ഗോളിൽ മുക്കി സിറ്റി; എതിരില്ലാത്ത അഞ്ച് ​ഗോളിന്റെ വിജയം

 | 
city
ഫെറാൻ ടോറസ് (2) ,ഗുണ്ടോ​ഗൻ, ജിസൂസ്, റോഡ്രി എന്നിവർ ​ഗോളടിച്ചു. 

​അ​ഗ്വൂറോ പോയതും കെയ്നും വരാത്തതും റൊണാൾഡോ പകുതി വഴി വന്ന് പോയതുമൊന്നും മാഞ്ചസ്റ്റർ സിറ്റിയെ ബാധിച്ചിട്ടില്ലെന്ന് എത്തിഹാദ് സ്റ്റേഡിയത്തിൽ അവർ തെളിയിച്ചു. എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് ആഴസണലിനെ സിറ്റി പരാജയപ്പെടുത്തി. സ്പാനിഷ് താരം ഫെറാൻ ടോറസ് നേടിയ ഇരട്ട ​ഗോളുകളും ​ഗുണ്ടോ​ഗൻ, ജിസൂസ്, റോഡ്രി എന്നിവരുടെ ​ഗോളുകളുമാണ് സിറ്റിക്ക് വമ്പൻ വിജയം നേടിക്കൊടുത്തത്. കളിയുടെ മുപ്പത്തിയഞ്ചാം മിനിറ്റിൽ ഷാക്ക ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ പത്തുപേരെ വച്ചാണ് ആഴ്സണൽ കളിച്ചത്. 

ഏഴാം മിനിറ്റിൽ തന്നെ സിറ്റി ആദ്യ ​ഗോൾ നേടി. ജിസൂസിന്റെ മികച്ചൊരു പാസിന് ഇൽക്കായ് ​ഗുണ്ടോ​ഗന് വെറുതെ തലവച്ചു കൊടുക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടാം മിനിറ്റിൽ രണ്ടാം ​ഗോൾ പിറന്നു. ആഴ്സണൽ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഫെറാൻ ടോറസ് ​ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ജാക് ​ഗ്രീലിഷിന്റെ പാസിൽ നിന്നും ജിസൂസിന്റെ ​ഗോൾ. രണ്ടാം പകുതിയിൽ അമ്പത്തി മൂന്നാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ നിന്നും ടോറസ് പുറകിലേക്ക് നൽകിയ പാസിൽ നിന്നാണ് റോഡ്രി തന്റെ ​ഗോൾ കണ്ടെത്തിയത്. എൺപത്തിയഞ്ചാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റിയാദ് മെഹരസിന്റെ പാസിൽ നിന്നും ടോറസ് ഹെഡറിലൂടെ തന്റെ രണ്ടാം ​ഗോൾ കണ്ടെത്തി.

ആഴ്സണൽ മത്സരത്തിലുടനീളം മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. കളിയിലാകെ 179 പാസാണ് അവർ നൽകിയത്. സിറ്റി 757 പാസുകൾ നൽകി. കളിയിൽ 81 ശതമാനം സമയവും പന്ത് സിറ്റിയുടെ കൈവശമായിരുന്നു. സിറ്റി ഇരുപത്തിയഞ്ച് ഷോട്ടുകൾ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തപ്പോൾ ​ഗണ്ണേഴ്സിന്റേത് വെറും ഒന്നായിരുന്നു.  ഇതോടെ മൂന്ന് കളിയിൽ നിന്നും സിറ്റിക്ക് 6 പോയിന്റായി. ആഴ്സണലാകട്ടെ ആദ്യ മൂന്ന് കളികളും തോൽക്കുകയും ചെയ്തു. ഈ മൂന്ന് കളികളിൽ നിന്നായി 9 ​ഗോളുകളാണ് വഴങ്ങിയത്. ഒറ്റ ​ഗോളും പ്രീമിയർ ലീ​ഗിൽ ഇതുവരെ അടിക്കാനും അവർക്കായില്ല.