ചെൽസിയെ തോൽപ്പിച്ച് സിറ്റി; യുണൈറ്റഡിന് തോൽവി, ലിവർപൂളിന് സമനില

 | 
City

അവസാനം ചെൽസിക്ക് മേൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടി. ഒറ്റ ഗോൾ ജയം ആണെങ്കിലും സിറ്റിയെ സംബന്ധിച്ചിടത്തോളം ഇത് മധുര പ്രതികാരമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പടെ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് സിറ്റി ചെൽസിയെ തോൽപ്പിച്ച്. 

മത്സരഫലം സൂചിപ്പിക്കുന്ന പോലെ ആയിരുന്നില്ല കളി. സിറ്റി കളിയിൽ ഉടനീളം ആധിപത്യം സ്ഥാപിച്ചു.  ഗോൾ എന്നുറച്ചു നിരവധി അവസരങ്ങൾ അവർക്ക് നഷ്ടമായി. 53ആം മിനിറ്റിൽ ആണ് കാൻസലോയുടെ പാസ്സിൽ നിന്നും ജിസൂസ് ഗോൾ നേടുന്നത്. ജോർജിഞ്ഞോയുടെ കാലിൽ ഉരുമ്മി പന്ത് വലയിലേക്ക്. ഗോൾ എന്നുറച്ച ജിസൂസിന്റെ മറ്റൊരു ഷോട്ട് ഗോൾ ലൈനിൽ നിന്നും തിയാഗോ സിൽവ രക്ഷിച്ചെടുത്തു. ജാക്ക് ഗ്രിലിഷിന്റെ രണ്ടു ശ്രമങ്ങൾ ഗോൾകീപ്പർ മെന്റി തടഞ്ഞിട്ടു. ലപോർട്ടയുടെയും ഒരു സുവർണ അവസരം നഷ്ടമായി. 

സിറ്റിക്ക് ഇനി രണ്ട് വലിയ മത്സരങ്ങൾ ആണ്. അടുത്ത കളി പിഎസ്‌ജിയുമായി ചാമ്പ്യൻസ് ലീഗിൽ. അത് കഴിഞ്ഞാൽ ലിവർപൂളുമായി ആൻഫീൽഡിൽ. സീസണിലെ ചെൽസിയുടെ ആദ്യ തോൽവിയാണ് ഇത്.

ആസ്റ്റൺ വില്ലയാണ് എതിരല്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. 88മിനിറ്റിൽ കോർട്നി ഹോസ് നേടിയ ഗോളിൽ വില്ല ലീഡ് എടുത്തു. 93മത് മിനിറ്റിൽ കിട്ടിയ പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് പാഴാക്കിയതോടെ സമനില പിടിക്കാൻ ഉള്ള അവസരം യുണൈറ്റഡിന് നഷ്ടമായി. റൊണാൾഡോ ഉണ്ടായിട്ടും ഫെർണാണ്ടസ് എടുത്ത കിക്ക് പോസ്റ്റിന് മുകളിലൂടെ പറന്നു പോയി. ഇതോടെ പ്രീമിയർ ലീഗിലെ സീസണിലെ ആദ്യ പരാജയം ആയി യുണൈറ്റഡിന് ഇത്.

രണ്ടു തവണ പിന്നിൽ നിന്ന ശേഷം പൊരുതി കയറിയാണ് ബ്രെന്റ്ഫോഡ് ലിവർപൂളിനെതിരേ സമനില പിടിച്ചത്. ഇരു ടീമുകളും മൂന്ന് ഗോൾ വീതം അടിച്ചു. ലിവർപൂളിന് വേണ്ടി മുഹമ്മദ് സലയുടെ നൂറാം പ്രീമിയർ ലീഗ് ഗോൾ പിറന്ന കളിയിൽ ആദ്യം ലീഡ് എടുത്തത് ബീസ് ആണ്. 27ആം മിനിറ്റിൽ എഥാൻ പിന്നോക് ആണ് ബ്രെന്റ്ഫോഡിന് വേണ്ടി വല കുലുക്കിയത്. മൂന്ന് മിനിറ്റുകൾക്കകം ഡീഗോ ജോട്ട സമനില പിടിച്ചു.ജോർദാൻ ഹെൻഡേഴ്സൻ തന്ന ക്രോസ്സ് ഹെഡ് ചെയ്തു ഗോൾ നേടുകയായിരുന്നു ജോട്ട. 

രണ്ടാം പകുതി തുടങ്ങിയപ്പോഴേക്കും സല തന്റെ ചുവപ്പു ജേഴ്സിയിലെ 100മത് പ്രീമിയർ ലീഗ് ഗോൾ നേടി. എന്നാൽ ജാനെൽറ്റിലൂടെ ബീസ് സമനില നേടി. 67ആം മിനിറ്റിൽ ജോൺസ്‌ ലീഡ് നേടിയപ്പോൾ 82ആം മിനിറ്റിൽ യോൻ വിസാ സമനില ഗോൾ നേടി. 

മറ്റു കളികളിൽ എവർട്ടൻ നോർവിച്ച് സിറ്റിയെയും വെസ്റ്റ്ഹാം ലീഡ്സിനെയും തോൽപ്പിച്ചു. ലെസ്റ്റർ-ബേൺലി, വാറ്റ്ഫോഡ്- ന്യൂകാസിൽ മത്സരങ്ങൾ സമനിലയിൽ ആയി. 

ലീഗ് വണ്ണിൽ പിഎസ്‌ജി തുടർജയങ്ങൾ എട്ടാക്കി ഉയർത്തി. എതിരില്ലാത്ത രണ്ടു ഗോളിനാണ് പിഎസ്‌ജി, മോന്ത് പെലിയെയെ തോൽപ്പിച്ചത്. ഇദ്രിസ ഗീ, ജൂലിയൻ ഡ്രക്സ്ലർ എന്നിവർ ഗോൾ നേടി. മെസ്സി ടീമിൽ ഇല്ലായിരുന്നു. 

ലാ ലീഗയിൽ റയൽ മാഡ്രിഡ്, വില്ലറയൽ കളി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഡെപ്പോർട്ടിവോ ആൽവിസ്, അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 

ബുണ്ടേസ് ലീഗിൽ ബയേൺ, റെഡ്ബുൾ ലെപ്സിഗ് എന്നിവർ ജയിച്ചപ്പോൾ ഡോർട്ട്മുണ്ട് തോറ്റു.