ഏഴടിച്ച് സിറ്റി, അഞ്ചടിച്ച് ബയേൺ; യൂറോപ്പിൽ ഗോൾ മഴ

ലീഡ്സ് യുണൈറ്റഡിനെ സിറ്റി തകർത്തത് എതിരില്ലാത്ത 7 ഗോളുകൾക്ക്
 | 
Manchester city
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ്സ് യുണൈറ്റഡിനെതിരെ വമ്പൻ വിജയം. കെവിൻ ഡിബ്രൂണെ ഫോമിലേക്ക് തിരികെ എത്തിയ കളിയിൽ 7 ഗോളുകൾ ആണ് അവർ സ്വന്തം മൈതാനത്ത് ലീഡ്സിനെതിരെ നേടിയത്. ഡിബ്രൂണെ 2 ഗോൾ നേടി. 

ഫിൽ ഫോഡൻ എട്ടാം മിനിറ്റിൽ നേടിയ ഗോളിലൂടെ ആണ് സിറ്റി തുടങ്ങിയത്. റോഡ്രിയുടെ ഗോൾ നേടാനുള്ള ശ്രമം പാഴായി എങ്കിലും പന്ത് ഫോഡന് കിട്ടി. 
പെപ് ഗാർഡിയോള എന്ന കോച്ചിന്റെ കീഴിൽ സിറ്റി നേടിയ 500മത്തെ ഗോൾ ആയിരുന്നു അത്. 207 കളികളിൽ നിന്നാണ് ഇത്രെയും ഗോളുകൾ പിറന്നത്‌. 234 കളിയിൽ നിന്നും 500 ഗോൾ നേടിയ ലിവർപൂൾ കോച്ച് ക്ലോപ്പിനെ പെപ്പ് മറികടന്നു. 
തൊട്ടു പിന്നാലെ 501ആം ഗോളും വന്നു. റിയാദ് മഹ്റസിന്റെ അസിസ്റ്റിൽ തലവെച്ച  ഗ്രീലീഷ് സിറ്റിയുടെ രണ്ടാം ഗോൾ നേടി. ഇടവേളക്ക് മുൻപ് കെവിൻ ഡി ബ്രൂണെ തന്റെ കളിയിലെ ആദ്യ ഗോൾ നേടി. റോഡ്രിയുടെ അസിസ്റ്റ്.  സെപ്റ്റംബറിന് ശേഷം കെഡിബി നേടുന്ന ആദ്യ ഗോൾ. 

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണകാരികൾ ആയി സിറ്റി. റിയാദ്‌ മെഹ്റസ് നേടിയ നാലാം ഗോളിന് പിന്നാലെ 62മിനിറ്റിൽ ആണ് ഡി ബ്രൂണെ തന്റെ രണ്ടാം ഗോൾ കണ്ടെത്തുന്നത്. കളിയിലെ ഏറ്റവും മനോഹരമായ ഗോൾ ആയിരുന്നു അത്. 74മിനിറ്റിൽ സ്റ്റോൺസും 78മിനിറ്റിൽ അകെയും ഗോൾ നേടി. ഇതോടെ 17 കളിയിൽ നിന്നും സിറ്റിക്ക് 41 പോയിന്റ് ആയി.

ലീഗിൽ നടന്ന മറ്റൊരു കളിയിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത 2 ഗോളിന് നോർവിച് സിറ്റിയെ തോൽപ്പിച്ചു.

ബുണ്ടേസ് ലീഗ് നടന്ന മത്സരത്തിൽ ബയേൺ മ്യുണിക്ക് എതിരില്ലാത്ത 5 ഗോളിന് സ്റ്റുഡ്ഗാർട്ടിനെ തോൽപ്പിച്ചു. സെർജി ഗനാബ്രി നേടിയ ഹാട്രിക്കും ലെവന്റോവ്സ്ക്കി നേടിയ ഇരട്ട ഗോളും ആണ് ജർമ്മൻ ചാമ്പ്യൻമാരെ വിജയിപ്പിച്ചത്. ഇതോടെ ജർമ്മൻ ഇതിഹാസം ഗ്രെർഡ് മുള്ളറുടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും അധികം ബുണ്ടേസ് ലീഗ് ഗോൾ എന്ന നേട്ടത്തിനൊപ്പം ലെവന്റോവ്സ്ക്കി എത്തി. 42 ഗോൾ ആണ് അദ്ദേഹം ഈ വർഷം ഇതുവരെ നേടിയത്. മുള്ളർ 1972ലാണ് ഈ റെക്കോഡ് നേടിയത്.  ഈ വർഷം ഇനി ബയേൺ മ്യുണിക്കിന് ഒരു കളി കൂടെ ബാക്കിയുണ്ട്.