മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് വിജയം. യുണൈറ്റഡിനെ തകർത്തത് എതിരില്ലാത്ത 2 ഗോളുകൾക്ക്

 | 
Man city
 ഡേവിഡ് ഡി ഹിയ എന്ന ഗോൾകീപ്പറോട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ കടപ്പെട്ടിരിക്കുന്നു. ഗോൾവലക്ക് മുന്നിൽ അദ്ദേഹം നടത്തിയ മിന്നും പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽവിയിൽ നിന്നും രക്ഷിച്ചില്ലെങ്കിലും നാണക്കേടിൽ നിന്നും തീർച്ചയായും രക്ഷിച്ചു. ഇല്ലെങ്കിൽ റൊണാൾഡോയുടെ മടങ്ങിവരവിന് ശേഷമുള്ള ആദ്യ ഡെർബിയിൽ സ്കോർ 0- 2 എന്ന് ആകുമായിരുന്നില്ല. ഗോൾ എന്ന് ഉറച്ച ഒട്ടനവധി ഷോട്ടുകളാണ് ഡി ഹിയ തടുത്തിട്ടത്. 

ഓൾഡ് ട്രാഫോഡിൽ തീർത്തും നിറം മങ്ങിയ പ്രകടനം ആണ് യുണൈറ്റഡ് കാഴ്ചവെച്ചത്. കളിയുടെ ഏഴാം മിനിറ്റിൽ തന്നെ സിറ്റി ലീഡ് നേടി. ജോ കാൻസലോയുടെ ഷോട്ട് തടുത്തിടാൻ ശ്രമിച്ച എറിക് ബെയ്ലിക്ക് പിഴച്ചു. പന്ത് സ്വന്തം വലയിൽ വീണു. 45ആം മിനിറ്റിലെ രണ്ടാം ഗോളും യുണൈറ്റഡിന്റെ പ്രതിരോധ പിഴവിൽ നിന്നാണ് ഉണ്ടായത്. കാൻസലോയുടെ ക്രോസ്സ് തടയാതെ ലുക്ക് ഷോ, മഗ്വയർ എന്നിവർ നോക്കി നിന്നപ്പോൾ ബെർണാണ്ടോ സിൽവ പന്ത് വലയിലാക്കി.

രണ്ടാം പകുതിയിലും തളർന്ന മാൻയുവിനെ ആണ് ഓൾഡ് ട്രാഫോഡിൽ കണ്ടത്. സിറ്റി നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളായില്ല. 821 പാസുകൾ സിറ്റിയുടേതായി ഉണ്ടായപ്പോൾ  യൂണൈറ്റഡിന്റെ 389 ആയിരുന്നു. പന്ത് 68 ശതമാനം സിറ്റിയുടെ പക്കൽ ആയിരുന്നു. 

11 കളികൾ കഴിഞ്ഞപ്പോൾ സിറ്റിക്ക് 23ഉം യുണൈറ്റഡിന് 17ഉം പോയിന്റ് ഉണ്ട്.