കോക്ക്രോച്ച് പാർട്ടി സമരം; അവിടെയും ഇവിടെയും ചേരാതെ മാധവ് സുരേഷ്
രാജ്യത്ത് നിലനിൽക്കുന്ന സമകാലിക സംഭവങ്ങളിൽ ശക്തമായ നിലപാടുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. വിദ്യാർഥി പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെയും പൊലീസ് നടപടികളെയും ഒരുപോലെ വിമർശിച്ചുകൊണ്ട് താൻ പൂർണമായും ഒരു അരാഷ്ട്രീയവാദിയാണെന്ന് മാധവ് പ്രഖ്യാപിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ വളരെ മോശമാണെന്ന് മാധവ് കുറിച്ചു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നേരെ അമിതബലപ്രയോഗം നടത്തുമ്പോൾ, പ്രതിപക്ഷം സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ ഉപയോഗിക്കുകയാണെന്ന് മാധവ് ആരോപിക്കുന്നു.
ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള ഈ പോരാട്ടത്തിൽ ഒടുവിൽ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണക്കാരാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാധവ് സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിൽ കുറിച്ചു. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ സന്ദേശമയച്ച വ്യക്തിക്ക് നൽകിയ മറുപടിയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് മാധവ് തന്റെ നിലപാട് വ്യക്തമാക്കിയത്.
